കാനഡയിൽ യുവാക്കൾക്ക് തൊഴിൽ കണ്ടെത്തുക ദുഷ്കരമാകുന്നുവെന്ന് റിപ്പോർട്ട്. രാജ്യത്തെ പൊതുവായ തൊഴിലില്ലായ്മ നിരക്കിൻ്റെ ഇരട്ടിയോളമാണ് യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ. കാനഡയിലെ യുവാക്കൾ സമീപകാലത്തെ ഏറ്റവും കഠിനമായ തൊഴിൽ വിപണിയാണ് ഇപ്പോൾ അഭിമുഖീകരിക്കുന്നത്. 2026 മാർച്ചിലെ കണക്കുകൾ പ്രകാരം 15 മുതൽ 24 വയസ്സുവരെയുള്ളവർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 13.8 ശതമാനമാണ്. അതേസമയം രാജ്യത്തെ പൊതുവായ തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനം മാത്രമാണ്. 2026-ൻ്റെ ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം കാനഡയിൽ 95,000 തൊഴിലുകൾ നഷ്ടപ്പെട്ടു. ഇതിൽ പകുതിയിലധികവും (53%) യുവാക്കൾക്കായിരുന്നു എന്നത് സ്ഥിതി ഗുരുതരമാക്കുകയാണ്.
ഒരൊറ്റ തസ്തികയിലേക്ക് നൂറുകണക്കിന് അപേക്ഷകൾ ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജോബ് ഫെയറുകളിൽ പരിമിതമായ ഒഴിവുകളിലേക്ക് ആയിരക്കണക്കിന് യുവാക്കളാണ് എത്തുന്നത്. യുവാക്കൾക്ക് സാധാരണയായി ജോലി ലഭിക്കാറുള്ള റീട്ടെയിൽ, ഫുഡ് സർവീസ്, മാനുഫാക്ചറിംഗ് എന്നീ മേഖലകളിൽ നിയമനങ്ങൾ കുറഞ്ഞു.ജീവിതച്ചെലവ് വർദ്ധിച്ചതോടെ, സാധാരണയായി യുവാക്കൾക്ക് ലഭിക്കേണ്ട എൻട്രി ലെവൽ തസ്തികകളിൽ മുതിർന്നവർ ജോലിക്ക് കയറുന്നത് യുവാക്കളുടെ അവസരം കുറയ്ക്കാൻ ഇടയാക്കിയിട്ടുണ്ട്.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ കടന്നുവരവ് ലഭ്യമായ തൊഴിലുകളുടെ സ്വഭാവം മാറ്റിക്കൊണ്ടിരിക്കുകയാണ്. ഊർജ്ജ വിലവർദ്ധനവും ആഗോള വ്യാപാര മേഖലയിലെ തർക്കങ്ങളും കാരണം തൊഴിലുടമകൾ പുതിയ നിയമനങ്ങളിൽ ജാഗ്രത പാലിക്കുന്നുണ്ട്. പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ട് ഫെഡറൽ സർക്കാർ 'സമ്മർ ജോബ്സ് പ്രോഗ്രാം' വിപുലീകരിച്ചു. കഴിഞ്ഞ വർഷത്തെ 75,000 ഒഴിവുകളിൽ നിന്ന് ഇത്തവണ 1,00,000 തസ്തികകളിലേക്ക് ഇത് വർദ്ധിപ്പിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾ എന്നീ മേഖലകളിൽ യുവാക്കളെ നിയമിക്കുന്നതിന് തൊഴിലുടമകൾക്ക് സർക്കാർ സബ്സിഡിയും നൽകുന്നുണ്ട്.