പി പി ചെറിയാന്‍
ന്യൂയോര്‍ക്ക്: യുദ്ധത്തിനെതിരെയുള്ള പോപ്പ് ലിയോ പതിനാലാമന്റെ പരാമര്‍ശങ്ങളെ വിമര്‍ശിച്ച വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിനും പ്രസിഡന്റ് ട്രംപിനുമെതിരെ അമേരിക്കന്‍ കത്തോലിക്കാ ബിഷപ്പുമാര്‍ രംഗത്തെത്തി.
യു.എസ് കത്തോലിക്കാ ബിഷപ്പുമാരുടെ ഡോക്ട്രിന്‍ കമ്മിറ്റി ചെയര്‍മാന്‍ ബിഷപ്പ് ജയിംസ് മാസ, വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ പ്രസ്താവനയെ ശക്തമായി എതിര്‍ത്തു. ഇറാന്‍ യുദ്ധത്തെ മാര്‍പ്പാപ്പ വിമര്‍ശിച്ചതിന് പിന്നാലെ, ദൈവശാസ്ത്രപരമായ കാര്യങ്ങളില്‍ സംസാരിക്കുമ്പോള്‍ പോപ്പ് ലിയോ പതിനാലാമന്‍ കൂടുതല്‍ 'ജാഗ്രത' പാലിക്കണമെന്ന് വാന്‍സ് നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെതിരെയാണ് ബിഷപ്പ് മാസ രംഗത്തെത്തിയത്.
എന്നാല്‍, സഭയുടെ ആയിരം വര്‍ഷത്തെ 'നീതിയുക്തമായ യുദ്ധം' എന്ന സിദ്ധാന്തം ഉയര്‍ത്തിപ്പിടിച്ചാണ് മാര്‍പ്പാപ്പ സംസാരിക്കുന്നതെന്നും, അദ്ദേഹം കേവലം അഭിപ്രായം പറയുകയല്ല മറിച്ച് സുവിശേഷം പ്രസംഗിക്കുകയാണെന്നും ബിഷപ്പ് ജയിംസ് മാസ വ്യക്തമാക്കി. താന്‍ സമാധാനത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് പോപ്പ് ലിയോയും ആവര്‍ത്തിച്ചു.