പെലോസിയുടെ പിന്‍ഗാമിക്ക് വേണ്ടിയുള്ള പോരാട്ടം: സായ്കത്ത് ചക്രവര്‍ത്തി മുന്നേറ്റം തുടരുന്നു

By: 600002 On: Apr 15, 2026, 1:51 PM



പി പി ചെറിയാന്‍

സാന്‍ ഫ്രാന്‍സിസ്‌കോ: നാന്‍സി പെലോസിയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള കാലിഫോര്‍ണിയയിലെ 11-ാം കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റ് മത്സരത്തില്‍ ടെക് സംരംഭകന്‍ സായ്കത്ത് ചക്രവര്‍ത്തി വന്‍ മുന്നേറ്റം നടത്തുന്നു. ഏറ്റവും പുതിയ സര്‍വേകള്‍ പ്രകാരം പ്രധാന എതിരാളിയായ സ്റ്റേറ്റ് സെനറ്റര്‍ സ്‌കോട്ട് വീനറുമായുള്ള പോരാട്ടത്തില്‍ ചക്രവര്‍ത്തി വെറും അഞ്ച് ശതമാനം വോട്ടിന് തൊട്ടുപിന്നിലെത്തി.

'ഡാറ്റ ഫോര്‍ പ്രോഗ്രസ്' നടത്തിയ വോട്ടെടുപ്പില്‍ സ്‌കോട്ട് വീനര്‍ക്ക് 33 ശതമാനം പിന്തുണ ലഭിച്ചപ്പോള്‍, സായ്കത്ത് ചക്രവര്‍ത്തി 28 ശതമാനം വോട്ടുകളുമായി തൊട്ടുപിന്നിലുണ്ട്. സൂപ്പര്‍വൈസര്‍ കോണി ചാന്‍ 13 ശതമാനവുമായി മൂന്നാം സ്ഥാനത്താണ്.

മത്സരത്തിലേക്ക് വൈകി എത്തിയെങ്കിലും സ്വന്തം സമ്പാദ്യത്തില്‍ നിന്ന് ഏകദേശം 15 ലക്ഷം ഡോളറിലധികം ചിലവഴിച്ച് നടത്തിയ പ്രചാരണമാണ് ചക്രവര്‍ത്തിക്ക് തുണയായത്. ഡെമോക്രാറ്റിക് പാര്‍ട്ടി നേതൃത്വത്തില്‍ മാറ്റം വേണമെന്നതാണ് ഇദ്ദേഹത്തിന്റെ പ്രധാന വാഗ്ദാനം.

രജിസ്റ്റര്‍ ചെയ്ത ഡെമോക്രാറ്റുകള്‍ക്കിടയില്‍ വീനര്‍ക്ക് മുന്‍തൂക്കമുണ്ടെങ്കിലും, വോട്ടര്‍മാരുടെ പൊതുവായ താല്‍പ്പര്യത്തില്‍ (favorability rating) ചക്രവര്‍ത്തിയാണ് മുന്നില്‍.

മൂന്നാം സ്ഥാനത്തുള്ള കോണി ചാന്റെ ചൈനീസ് വോട്ട് ബാങ്ക് വോട്ടെടുപ്പില്‍ പൂര്‍ണ്ണമായി പ്രതിഫലിച്ചിട്ടില്ലെന്ന വിലയിരുത്തലുകള്‍ ജൂണില്‍ നടക്കാനിരിക്കുന്ന പ്രൈമറി തെരഞ്ഞെടുപ്പിനെ കൂടുതല്‍ ആകാംക്ഷഭരിതമാക്കുന്നു.

നേരത്തെ ബേണി സാന്‍ഡേഴ്സിന്റെ സഹായിയായിരുന്ന ചക്രവര്‍ത്തിയുടെ ഈ അപ്രതീക്ഷിത മുന്നേറ്റം സാന്‍ ഫ്രാന്‍സിസ്‌കോ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.