പി പി ചെറിയാന്‍
കരോള്‍ട്ടണ്‍ (ടെക്‌സസ്): അമേരിക്കയിലെ കാരള്‍ട്ടണ്‍ സിറ്റി കൗണ്‍സിലിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രമുഖ മലയാളി പൊതുപ്രവര്‍ത്തകന്‍ തോമസ് ചെള്ളേത്ത് മത്സരിക്കുന്നു. ഇന്ത്യന്‍ ക്രീക്ക് ഹോം ഓണേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എന്ന നിലയിലും വിവിധ സാമൂഹിക സംഘടനകളിലെ സജീവ സാന്നിധ്യമായും ശ്രദ്ധേയനായ അദ്ദേഹം, നഗരത്തിന്റെ വിപുലമായ വികസന പദ്ധതികള്‍ മുന്‍നിര്‍ത്തിയാണ് ജനങ്ങളെ സമീപിക്കുന്നത്.
താന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ തോമസ് ചെള്ളേത്ത് തന്റെ മാനിഫെസ്റ്റോയില്‍ വ്യക്തമാക്കിയിട്ടുണ്ട്:
കാരള്‍ട്ടണില്‍ ഒരു കൗണ്ടി ഹോസ്പിറ്റല്‍ (സൂപ്പര്‍ സ്‌പെഷ്യാലിറ്റി) സ്ഥാപിക്കുക. ഗതാഗത സൗകര്യങ്ങള്‍: റോഡ് ട്രാന്‍സ്പോര്‍ട്ട് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും പാര്‍ക്കുകളുടെ വിപുലീകരണം നടപ്പിലാക്കുകയും ചെയ്യുക. കുറഞ്ഞ വരുമാനക്കാര്‍ക്കായി വീട് വെക്കാനുള്ള പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുക.
യൂട്ടിലിറ്റി ബില്ലുകളിലും ടാക്‌സിലും കുറവ് വരുത്തുക. നഗരത്തിലെ പൊതു സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക. സ്‌പോര്‍ട്‌സ്, ലൈബ്രറി സൗകര്യങ്ങള്‍ എന്നിവയുടെ വിപുലീകരണം എന്നിവയാണിത്.
കേരളത്തില്‍ കോളേജ് രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് പ്രവേശിച്ച തോമസ് ചെള്ളേത്ത്, ബോംബെയില്‍ നിന്നും ഇലക്ട്രോണിക്‌സില്‍ ഡിപ്ലോമയും ബഹ്റൈനില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദവും നേടി. ബഹ്റൈനില്‍ ബിസിനസ് രംഗത്ത് സജീവമായിരുന്ന അദ്ദേഹം 2004-ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ചിക്കാഗോയില്‍ താമസമാക്കിയ ശേഷം 2007-ല്‍ ഡാലസിലെ കാരള്‍ട്ടണിലേക്ക് മാറി.
ടാറ്റാ കണ്‍സള്‍ട്ടന്‍സി, ഇന്‍ഫോസിസ് തുടങ്ങിയ പ്രമുഖ കമ്പനികളില്‍ പ്രവര്‍ത്തിച്ച പരിചയസമ്പത്തും അദ്ദേഹത്തിനുണ്ട്. നിലവില്‍ 'ടെക്‌സാന്‍ പ്രോ ബില്‍ഡേഴ്‌സ് എല്‍എല്‍സി' എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തിവരുന്നു. അമേരിക്കന്‍, സ്പാനിഷ്, ഇന്ത്യന്‍ വംശജരായ നിരവധി പേര്‍ ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ട്.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ട്രഷററായി സേവനമനുഷ്ഠിക്കുന്നു. ഡാലസ് സിറ്റി വൈഡ് ഫെല്ലോഷിപ്പ്: 70-ഓളം സഭകളുടെ കൂട്ടായ്മയായ ഈ സംഘടനയുടെ ട്രസ്റ്റിയാണ് അദ്ദേഹം. ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമായ മൈ ഷീപ്പ് ഇന്റര്‍നാഷണല്‍ എന്ന സംഘടനയുടെ ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു.
മലയാളികള്‍ക്ക് പുറമെ നോര്‍ത്ത് ഇന്ത്യന്‍, സ്പാനിഷ് വംശജരുടെയും പിന്തുണ തനിക്കുണ്ടെന്ന് തോമസ് ചെള്ളേത്ത് അവകാശപ്പെടുന്നു. കാരള്‍ട്ടണിലെ ജനവിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് നഗരത്തിന്റെ സമഗ്ര വികസനമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം