ടെക്‌സസില്‍ വെനിസ്വേലന്‍ ഡോക്ടറും 5 വയസ്സുള്ള മകളും ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ കസ്റ്റഡിയില്‍; ഡോക്ടറുടെ അറസ്റ്റിനെതിരെ മെഡിക്കല്‍ സമൂഹവും ജനപ്രതിനിധികളും രംഗത്ത്

By: 600002 On: Apr 15, 2026, 12:59 PM



 

പി പി ചെറിയാന്‍

ഡാളസ്: കഴിഞ്ഞ ആഴ്ച മറ്റൊരു വെനിസ്വേലന്‍ ഡോക്ടര്‍ അറസ്റ്റിലായതിന് പിന്നാലെ, ടെക്‌സസില്‍ ഡോ. റുബെലിസ് ബൊളീവര്‍  എന്ന ഡോക്ടറെയും അവരുടെ അഞ്ച് വയസ്സുള്ള മകളെയും ഇമിഗ്രേഷന്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. കാലിഫോര്‍ണിയയില്‍ നടക്കാനിരിക്കുന്ന അഭയക്കേസ് സംബന്ധിച്ച കോടതി നടപടികളില്‍ പങ്കെടുക്കാന്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇവരെ ഏപ്രില്‍ 11-ന് ടെക്‌സസിലെ മക്അലന്‍ വിമാനത്താവളത്തില്‍ വെച്ച് പിടികൂടിയത്.

ഡോക്ടറുടെ പക്കല്‍ 2030 വരെ കാലാവധിയുള്ള ഔദ്യോഗിക ജോലി അനുമതി പത്രം ഉണ്ടായിരുന്നു. എന്നാല്‍ വെനിസ്വേലയില്‍ നിന്നുള്ള രേഖകള്‍ക്ക് സാധുതയില്ലെന്ന് പറഞ്ഞാണ് അധികൃതര്‍ അവരെ തടഞ്ഞുവെച്ചത്.

കസ്റ്റഡിയിലെടുത്ത് 16 മണിക്കൂറിന് ശേഷം മകളെ വിട്ടയച്ചെങ്കിലും ഡോക്ടറെ ഇമിഗ്രേഷന്‍ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റി. പത്തുവര്‍ഷത്തോളമായി അവര്‍ അമേരിക്കയില്‍ താമസിച്ചുവരികയാണ്.
ഡോക്ടറുടെ അറസ്റ്റിനെതിരെ മെഡിക്കല്‍ സമൂഹവും ജനപ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്.

അമേരിക്കയിലെ വിവിധ ആശുപത്രികളില്‍ നിലവില്‍ രണ്ടായിരത്തിലധികം വെനിസ്വേലന്‍ ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ ഇവരില്‍ 90 ശതമാനത്തിലധികം പേരുടെയും ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. കൃത്യമായ രേഖകള്‍ കൈവശമുണ്ടായിട്ടും ഡോക്ടര്‍മാരെ ഇത്തരത്തില്‍ തടഞ്ഞുവെക്കുന്നത് വലിയ ആശങ്കയ്ക്കും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.