ടൊറൻ്റോയിൽ ഡ്രൈവറില്ലാ ടാക്സികൾ എത്തുന്നു; പ്രൊവിൻഷ്യൽ പൈലറ്റ് പ്രോഗ്രാമിനായി വേമോ 

By: 600110 On: Apr 15, 2026, 11:37 AM

 

അമേരിക്കൻ നഗരങ്ങളിൽ വിജയകരമായി പ്രവർത്തിക്കുന്ന 'വേമോ' (Waymo)  സ്വയംനിയന്ത്രിത റൈഡ്-ഷെയറിംഗ് സേവനം ടൊറൻ്റോയിലേക്കും വ്യാപിപ്പിക്കാൻ നീക്കം തുടങ്ങുന്നു. ഗൂഗിളിൻ്റെ മാതൃകമ്പനിയായ ആൽഫബെറ്റിൻ്റെ ഉടമസ്ഥതയിലുള്ള വേമോ, ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൈലറ്റ് പ്രോഗ്രാമിന് കീഴിൽ പരീക്ഷണ ഓട്ടം നടത്താനുള്ള താല്പര്യം മേയർ ഒലിവിയ ചൗവിനെ അറിയിച്ചു കഴിഞ്ഞു.

മനുഷ്യരായ ഡ്രൈവർമാരില്ലാതെ പൂർണ്ണമായും റോബോട്ടിക് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഈ വാഹനങ്ങൾക്ക് എല്ലാ ദിശകളിലേക്കും ഒരേസമയം നിരീക്ഷണം നടത്താൻ കഴിയുമെന്നും, ഇത് സുരക്ഷ വർദ്ധിപ്പിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ 11 യുഎസ് നഗരങ്ങളിൽ വേമോ സർവീസ് നടത്തുന്നുണ്ട്. നഗരത്തിൽ പുതിയ സാങ്കേതികവിദ്യ എത്തുമ്പോഴും ജനങ്ങളുടെ തൊഴിൽ സുരക്ഷയ്ക്കാണ് മുൻഗണനയെന്ന് ടൊറൻ്റോ മേയർ ഒലിവിയ ചൗ വ്യക്തമാക്കി. സ്വയംനിയന്ത്രിത വാഹനങ്ങളുടെ വരവ് നിലവിലുള്ള ഡ്രൈവർമാരുടെ തൊഴിലിനെയോ വേതനത്തെയോ ദോഷകരമായി ബാധിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് മേയറുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കൂടാതെ, യാത്രക്കാരില്ലാത്ത സമയത്ത് ഈ വാഹനങ്ങൾ നിരന്തരമായി നിരത്തിലോടുന്നത് ഗതാഗതക്കുരുക്ക് വർദ്ധിപ്പിക്കുമെന്നും അപകടമുണ്ടായാൽ ആർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഉള്ള ആശങ്കകളും ഉയരുന്നുണ്ട്. നേരത്തെയും ടൊറൻ്റോയിൽ സമാനമായ പരീക്ഷണങ്ങൾ നടന്നിട്ടുണ്ടെങ്കിലും സാങ്കേതിക തകരാറുകൾ മൂലം അവ അവസാനിപ്പിക്കുകയായിരുന്നു.