ടൊറൻ്റോയിൽ വീട് അറ്റകുറ്റപ്പണിയുടെ പേരിൽ വ്യാപക തട്ടിപ്പ്

By: 600110 On: Apr 15, 2026, 11:19 AM

 

നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വീടുകളുടെ മേൽക്കൂരകളുടെയും ചിമ്മിനികളുടെയും അറ്റകുറ്റപ്പണികൾക്കായി എത്തുന്ന വ്യാജ കരാറുകാർ ലക്ഷക്കണക്കിന് ഡോളർ തട്ടിയെടുക്കുന്നതായി ടൊറൻ്റോ പോലീസ് മുന്നറിയിപ്പ് നൽകി. വീടുകളിൽ നേരിട്ടെത്തി പരിശോധന നടത്തിയ ശേഷം, ഉടൻ പരിഹരിക്കേണ്ട ഗുരുതരമായ തകരാറുകൾ ഉണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇവർ ഉടമകളെ കെണിയിൽ വീഴ്ത്തുന്നത്. പ്രാഥമിക ജോലികൾ ആരംഭിച്ച ശേഷം കൂടുതൽ പ്രശ്നങ്ങൾ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് വലിയ തുകകൾ ഇവർ ആവശ്യപ്പെടുന്നു. എന്നാൽ ഇത്തരത്തിൽ നൽകുന്ന പണത്തിന് പകരമായി നിലവാരമില്ലാത്ത ജോലികളാണ് ഇവർ ചെയ്യുന്നതെന്നും പലയിടത്തും പണി പൂർത്തിയാക്കാതെ ഇവർ മുങ്ങുന്നതായും പോലീസ് വ്യക്തമാക്കുന്നു.

പണം നൽകാൻ വിസമ്മതിക്കുന്ന വീട്ടുടമകളെ ഭീഷണിപ്പെടുത്താനായി ഇൻ്റർപോൾ അന്വേഷണ ഉദ്യോഗസ്ഥൻ എന്ന പേരിൽ മറ്റൊരാൾ എത്തുന്നതാണ് ഈ തട്ടിപ്പിൻ്റെ പുതിയ രീതി. കരാർ കമ്പനിക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും, രഹസ്യ അന്വേഷണത്തിൻ്റെ ഭാഗമായി കൂടുതൽ പണം കൈമാറണമെന്നും വ്യാജ തിരിച്ചറിയൽ രേഖകൾ കാണിച്ച് ഇയാൾ ആവശ്യപ്പെടും. ഐറിഷ്, സ്കോട്ടിഷ് ചുവയുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന വ്യക്തികളെയാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് സംശയിക്കുന്നത്. ഒരു സർക്കാർ ഏജൻസിയും വീടുകളിലെത്തി പണം ആവശ്യപ്പെടില്ലെന്നും, ഇത്തരം തട്ടിപ്പ് സംഘങ്ങളെക്കുറിച്ച് വിവരം ലഭിക്കുന്നവർ ഉടൻ തന്നെ പോലീസിനെ അറിയിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.