കാനഡയിലെ ടെലികോം സേവനദാതാക്കൾ തങ്ങളുടെ ഉപഭോക്താക്കളുടെ കരാറുകളോ ഡിസ്കൗണ്ടുകളോ അവസാനിക്കുന്നതിന് മുൻപ് നിർബന്ധമായും അറിയിപ്പ് നൽകണമെന്ന് കനേഡിയൻ റേഡിയോ-ടെലിവിഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (CRTC) ഉത്തരവിട്ടു. മൊബൈൽ, ഇന്റർനെറ്റ് സേവന നിരക്കുകളിൽ പെട്ടെന്നുണ്ടാകുന്ന വർദ്ധനവ് മൂലം ഉപഭോക്താക്കൾക്കുണ്ടാകുന്ന സാമ്പത്തിക ആഘാതം ഒഴിവാക്കാനാണ് ഈ നടപടി.
കാലാവധി അവസാനിക്കുന്നതിനെക്കുറിച്ചുള്ള അറിയിപ്പിനൊപ്പം ലഭ്യമായ മറ്റ് പ്ലാനുകളെക്കുറിച്ചുള്ള വിവരങ്ങളും അവ എങ്ങനെ തിരഞ്ഞെടുക്കാം എന്ന നിർദ്ദേശങ്ങളും കമ്പനികൾ നൽകേണ്ടതുണ്ട്. കൂടാതെ, ഇൻ്റർനാഷണൽ റോമിംഗിലായിരിക്കുമ്പോൾ ഡാറ്റാ ഉപയോഗം 50 ഡോളർ പരിധിയിൽ എത്തിയാലും ഉപഭോക്താക്കളെ അറിയിക്കണമെന്നും പുതിയ നിർദ്ദേശത്തിൽ പറയുന്നു. ഉപഭോക്തൃ സംരക്ഷണം ലക്ഷ്യമിട്ട് 2024 മുതൽ സി.ആർ.ടി.സി ആലോചിച്ചുവരുന്ന വിവിധ പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.
ഇൻ്റർനെറ്റ്, സെൽഫോൺ പ്ലാനുകൾ താരതമ്യം ചെയ്യുന്നതിനും മികച്ചവ തിരഞ്ഞെടുക്കുന്നതിനും ഉപഭോക്താക്കളെ സഹായിക്കുന്ന കൂടുതൽ നടപടികൾ ഉടൻ ഉണ്ടാകുമെന്നും റെഗുലേറ്റർ അറിയിച്ചു. ഇതിൻ്റെ തുടർച്ചയായി, പ്ലാനുകൾ മാറ്റുന്നതിനോ റദ്ദാക്കുന്നതിനോ ഉപഭോക്താക്കളിൽ നിന്ന് അധിക ഫീസ് ഈടാക്കുന്നത് ജൂൺ 12 മുതൽ സി.ആർ.ടി.സി നിരോധിച്ചിട്ടുണ്ട്. സുതാര്യമായ സേവനത്തിലൂടെ ടെലികോം വിപണിയിൽ ഉപഭോക്താക്കൾക്ക് കൂടുതൽ സ്വാതന്ത്ര്യം ഉറപ്പാക്കുകയാണ് ഈ പരിഷ്കാരങ്ങളിലൂടെ ലക്ഷ്യമിടുന്നത്.