കാനഡയിലെ പ്രമുഖ ഫാർമസി ശൃംഖലയായ ഷോപ്പേഴ്‌സ് ഡ്രഗ് മാർട്ട് മരുന്ന് മാറി നൽകിയതിനെത്തുടർന്ന് മോങ്ക്ടൺ സ്വദേശിനിയായ യുവതി മാസങ്ങളോളം ദുരിതത്തിലാവുകയും ഒടുവിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. 35-കാരിയായ മരിസ ഡോസണ് അലർജിക്കായി ഡോക്ടർ നിർദ്ദേശിച്ച 'ഹൈഡ്രോക്സിസിൻ' എന്ന ആൻ്റിഹിസ്റ്റാമിന് പകരം, രക്തസമ്മർദ്ദം കുറയ്ക്കാൻ ഉപയോഗിക്കുന്ന 'ഹൈഡ്രാലസിൻ' ആണ് ഫാർമസിയിൽ നിന്ന് നൽകിയത്.
മാസങ്ങളോളം തെറ്റായ മരുന്ന് ഉപയോഗിച്ചതിനെത്തുടർന്ന് കടുത്ത ശ്വാസംമുട്ടൽ, തലകറക്കം, തളർച്ച എന്നിവ അനുഭവപ്പെട്ട യുവതിയെ നില വഷളായതോടെ കഴിഞ്ഞ ഏപ്രിലിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ നഴ്സ് മരുന്നുകൾ പരിശോധിച്ചപ്പോഴാണ് ഈ ഗുരുതരമായ പിശക് കണ്ടെത്തിയത്. കാനഡയിലെ ആരോഗ്യ സുരക്ഷാ സംവിധാനങ്ങളിലെ പിഴവുകളെ ഈ സംഭവം വീണ്ടും ചർച്ചാവിഷയമാക്കിയിരിക്കുകയാണ്. 2024-ൽ മാത്രം രാജ്യത്ത് മരുന്നുമായി ബന്ധപ്പെട്ട 26,000-ത്തിലധികം വീഴ്ചകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏകദേശം 12,000 ലൈസൻസുള്ള ഫാർമസികളിൽ ഒരു ചെറിയ ശതമാനം മാത്രമാണ് കൃത്യമായി വിവരങ്ങൾ കൈമാറുന്നതെന്ന് ദേശീയ കണക്കുകൾ സൂചിപ്പിക്കുന്നു.
മരിസ ഡോസൺ നൽകിയ പരാതിയിന്മേൽ ന്യൂ ബ്രൺസ്‌വിക്ക് കോളേജ് ഓഫ് ഫാർമസിസ്റ്റ് നടത്തിയ അന്വേഷണത്തിൽ, മരുന്നുകളുടെ പേരിലെ സാമ്യവും ഫാർമസി ജീവനക്കാരുടെ അമിത ജോലിഭാരവുമാണ് വീഴ്ചയ്ക്ക് കാരണമായതെന്ന് കണ്ടെത്തി. രോഗികളുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം പിശകുകൾ ഒഴിവാക്കാൻ ഫാർമസി സംവിധാനങ്ങൾ കൂടുതൽ ശാസ്ത്രീയമായി പരിഷ്കരിക്കണമെന്ന് ഈ രംഗത്തെ വിദഗ്ധർ ആവശ്യപ്പെടുന്നു.