കാനഡയിലെ മരണനിരക്കിൽ കാൻസർ പ്രധാന വില്ലനായി തുടരുന്നതായി പുതിയ പഠനങ്ങൾ. കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ (CMAJ) പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, 2026-ൽ രാജ്യത്ത് ഏകദേശം 2,54,000 പുതിയ കാൻസർ കേസുകളും 88,000 മരണങ്ങളും ഉണ്ടായേക്കാമെന്നാണ് പ്രവചിക്കപ്പെടുന്നത്.
പരിശോധനാ സംവിധാനങ്ങളും പ്രതിരോധ മാർഗങ്ങളും ആധുനികവൽക്കരിക്കപ്പെട്ടിട്ടും, തലയെയും കഴുത്തിനെയും ബാധിക്കുന്ന കാൻസറുകളിൽ ആശങ്കാജനകമായ വർദ്ധനവ് രേഖപ്പെടുത്തുന്നത് ആരോഗ്യരംഗത്തെ വിദഗ്ധരെ
ആശങ്കയോടെയാണ് നോക്കുന്നത്. ശ്വാസകോശം, സ്തനം, പ്രോസ്റ്റേറ്റ്, കൊളോറെക്റ്റൽ എന്നീ നാല് പ്രധാന കാൻസർ ഇനങ്ങളാണ് ആകെ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ പകുതിയോളമെന്നും പഠനം വ്യക്തമാക്കുന്നു.
രോഗനിർണ്ണയത്തിലെ പിഴവുകളും ചികിത്സ തേടുന്നതിലെ കാലതാമസവും രോഗാവസ്ഥയെ കൂടുതൽ സങ്കീർണ്ണമാക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഒൻ്റാരിയോ സ്വദേശിയായ ജേസൺ എൽവിസിൻ്റെയും കുടുംബത്തിൻ്റെയും അനുഭവങ്ങൾ ഈ വെല്ലുവിളിയുടെ തീവ്രത വെളിപ്പെടുത്തുന്നതാണ്. പലപ്പോഴും രോഗലക്ഷണങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നത് മൂലം കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ പോകുന്നുവെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കാനഡയിലെ ജനജീവിതത്തിൽ കാൻസർ വലിയ ആഘാതം സൃഷ്ടിക്കുന്നത് തുടരുകയാണെന്നും, ഇതിനെ പ്രതിരോധിക്കാൻ കൂടുതൽ ശക്തമായ ഇടപെടലുകൾ ആവശ്യമാണെന്നും കനേഡിയൻ കാൻസർ സൊസൈറ്റിയിലെ സർവൈലൻസ് ഡയറക്ടർ ജെന്നിഫർ ഗില്ലിസ് പറഞ്ഞു.