കാനഡയിൽ സമ്പന്നരും ദരിദ്രരും തമ്മിലുള്ള സാമ്പത്തിക അന്തരം 2025-ൽ ഗണ്യമായി വർദ്ധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട്. വിപണിയിലെ മുന്നേറ്റങ്ങൾ ഉയർന്ന വരുമാനക്കാർക്ക് നേട്ടമായപ്പോൾ, സാധാരണക്കാർ കുറഞ്ഞ വേതനവും കുറഞ്ഞ നിക്ഷേപ പലിശയും മൂലം പ്രതിസന്ധിയിലായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഉയർന്ന വരുമാനമുള്ള 40% കുടുംബങ്ങളും താഴെത്തട്ടിലുള്ള 40% കുടുംബങ്ങളും തമ്മിലുള്ള വരുമാന വ്യത്യാസം 46.7 ശതമാനമായി ഉയർന്നതായും റിപ്പോർട്ട് പറയുന്നു. മുൻവർഷം ഇത് 46.4 ശതമാനമായിരുന്നു.
രാജ്യത്തെ ആകെ സമ്പത്തിൻ്റെ 65.7 ശതമാനവും കൈവശം വെച്ചിരിക്കുന്നത് വെറും 20 ശതമാനം വരുന്ന അതിസമ്പന്ന കുടുംബങ്ങളാണ്. ഇവർക്ക് ശരാശരി 3.5 മില്യൺ ഡോളറിൻ്റെ ആസ്തിയുണ്ട്. എന്നാൽ താഴെത്തട്ടിലുള്ള 40% കുടുംബങ്ങളുടെ കൈവശം രാജ്യത്തെ ആകെ സമ്പത്തിൻ്റെ മൂന്ന് ശതമാനം മാത്രമാണുള്ളത്. ഇവരുടെ ശരാശരി ആസ്തി വെറും 81,650 ഡോളറാണ്.പാവപ്പെട്ട കുടുംബങ്ങളുടെ വേതന വർദ്ധനവ് ആഗോള ശരാശരിയേക്കാൾ വളരെ താഴെയാണ്. ബാങ്ക് പലിശ നിരക്കുകൾ കുറഞ്ഞതും ഇവരുടെ സമ്പാദ്യത്തെ ബാധിച്ചു.
ഏകദേശം 43% കനേഡിയൻ കുടുംബങ്ങളും മാസാന്ത്യം കഷ്ടിച്ചാണ് ചിലവുകൾ മുന്നോട്ട് കൊണ്ടുപോകുന്നത്. ഏകദേശം 29% ആളുകൾക്ക് നിലവിലെ സാഹചര്യത്തിൽ തങ്ങളുടെ ബില്ലുകളും കടങ്ങളും അടച്ചുതീർക്കാൻ കഴിയുന്നില്ല. അത്യാവശ്യ സാധനങ്ങളുടെ വിലക്കയറ്റം 75 ശതമാനം കുടുംബങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. രാജ്യം സാമ്പത്തികമായി വളരുമ്പോഴും അതിൻ്റെ ഗുണഫലങ്ങൾ എല്ലാവരിലേക്കും എത്തുന്നില്ലെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.