മിഡിൽ ഈസ്റ്റിലെ ഹോർമുസ് കടലിടുക്കിൽ വർദ്ധിച്ചുവരുന്ന യുദ്ധസാധ്യതകൾ കാനഡയിലെ സാധാരണക്കാരുടെ നിത്യജീവിതത്തെ ബാധിച്ചേക്കുമെന്ന് പുതിയ റിപ്പോർട്ട്. ഇറാനും അമേരിക്കയും തമ്മിലുള്ള തർക്കം മുറുകുന്നത് ആഗോള എണ്ണ വിപണിയെയും അതുവഴി ഭക്ഷണസാധനങ്ങളുടെ വിലയെയും ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.
ലോകത്തിലെ എണ്ണക്കപ്പലുകളുടെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ ഇന്ധന നീക്കം തടസ്സപ്പെടും. ലോകത്തെ 20 ശതമാനം എണ്ണയും കടന്നുപോകുന്ന ഈ പാത തടസ്സപ്പെടുന്നത് ഇന്ധനവില കുത്തനെ കൂട്ടാൻ കാരണമാകും.ട്രാക്ടറുകൾക്കും ട്രക്കുകൾക്കും ഇന്ധനം അത്യാവശ്യമായതിനാൽ എണ്ണവില കൂടുന്നത് കർഷകരെയും ചരക്ക് നീക്കത്തെയും നേരിട്ട് ബാധിക്കും.
സംസ്കരണം, പാക്കേജിംഗ്, ഗതാഗതം എന്നിവയ്ക്ക് കൂടുതൽ ചിലവ് വരുന്നതോടെ പാൽ, പച്ചക്കറി, ബ്രഡ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില ഉയരും. ദൂരദേശങ്ങളിൽ നിന്ന് കാനഡയിലേക്ക് എത്തുന്ന ഇറക്കുമതി സാധനങ്ങളുടെ ഷിപ്പിംഗ് നിരക്കിലും വലിയ വർദ്ധനവുണ്ടാകും. യുദ്ധസാഹചര്യത്തിൽ കപ്പലുകളുടെ ഇൻഷുറൻസ് തുക വർദ്ധിക്കുന്നത് ആഗോള വ്യാപാരത്തെ കൂടുതൽ ചെലവേറിയതാക്കും. പണപ്പെരുപ്പം മൂലം കഷ്ടപ്പെടുന്ന കനേഡിയൻ കുടുംബങ്ങൾക്ക് പുതിയ ആഗോള പ്രതിസന്ധി വരുംദിവസങ്ങളിൽ വലിയ വെല്ലുവിളിയായേക്കാം.