ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള പുതിയ ബില്ല് അവതരിപ്പിച്ച് ആൽബർട്ട സർക്കാർ

By: 600110 On: Apr 14, 2026, 7:14 AM

ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള പുതിയ ബില്ല് അവതരിപ്പിച്ച് ആൽബർട്ട സർക്കാർ. എംആർഐ, സിടി സ്കാൻ, രക്തപരിശോധന തുടങ്ങിയ രോഗനിർണ്ണയ പരിശോധനകൾക്ക് ഇനി മുതൽ ഡോക്ടറുടെ റഫറൽ ഇല്ലാതെ തന്നെ ജനങ്ങൾക്ക് നേരിട്ട് അപേക്ഷിക്കാമെന്നതാണ് 'ബില്ല് 29'-ലെ പ്രധാന നിർദ്ദേശം.

രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിന് മുൻപേയുള്ള മുൻകരുതൽ പരിശോധനകൾക്കായി താമസക്കാർക്ക് സ്വന്തം ഇഷ്ടപ്രകാരം ലാബുകളെ സമീപിക്കാം.നിലവിൽ പരിശോധനകൾക്കായി മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നത് ഒഴിവാക്കാനും രോഗങ്ങൾ നേരത്തെ കണ്ടെത്താനും പുതിയ സംവിധാനം സഹായിക്കുമെന്ന് ആരോഗ്യ മന്ത്രി അഡ്രിയാന ലാഗ്രാഞ്ച് പറഞ്ഞു.

പരിശോധനകൾ സ്വകാര്യമായി നടത്താൻ ആരോഗ്യ വിദഗ്ധർക്ക് അനുവാദം നൽകും. ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവർക്കും സർക്കാർ സഹായം ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.പണം നൽകി സ്വകാര്യമായി നടത്തുന്ന പരിശോധനയിൽ ഗുരുതരമായ രോഗം കണ്ടെത്തിയാൽ, ആ തുക സർക്കാർ തിരികെ നൽകും.

ലഹരിമരുന്നിന് അടിമപ്പെട്ടവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ ക്ലിനിക്കുകളിൽ നിശ്ചിത അളവിൽ മരുന്നുകൾ സൂക്ഷിക്കാനും പുതിയ ബില്ലിൽ വ്യവസ്ഥയുണ്ട്. പൊതുജനാരോഗ്യ സംവിധാനത്തെ തകർക്കാതെ, ജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി. ഈ വർഷം അവസാനത്തോടെ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.