കാനഡയിലെ ഭവന വിപണിയിൽ വിലയിടിവ് തുടരുമ്പോഴും ഭവനലഭ്യത വെല്ലുവിളിയെന്ന് പുതിയ റിപ്പോർട്ട്

By: 600110 On: Apr 13, 2026, 11:19 AM

 

കാനഡയിലെ പ്രമുഖ നഗരങ്ങളിൽ വീടുകളുടെ വിലയിൽ കുറവ് ഉണ്ടെങ്കിലും  സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ഭവനലഭ്യത ഇപ്പോഴും വെല്ലുവിളിയായി തുടരുന്നതായാണ് റിപ്പോർട്ട്. ടിഡി ഇക്കണോമിക്സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഈ വർഷം ദേശീയതലത്തിൽ വീടുകളുടെ വിലയിൽ 0.3 ശതമാനം കുറവുണ്ടാകാൻ സാധ്യതയുണ്ട്. ഒൻ്റാരിയോ, ബ്രിട്ടീഷ് കൊളംബിയ എന്നീ പ്രവിശ്യകളിലാണ് വിപണിയിലെ ഈ മന്ദഗതി ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്നത്.

പുതിയ വീടുകൾക്ക് നികുതി ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ടുള്ള സർക്കാർ നടപടികൾ വിപണിയെ ഉത്തേജിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, വർധിച്ചുവരുന്ന ജീവിതച്ചെലവും ഭവനവിലയും തമ്മിലുള്ള അന്തരമാണ് പ്രധാന പ്രതിസന്ധിയായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ​വരുമാന വർധനവിന് ആനുപാതികമല്ലാത്ത രീതിയിൽ വീടുവില ഉയരുന്നത് ശരാശരി വരുമാനക്കാരെ വിപണിയിൽ നിന്ന് അകറ്റുകയാണ്. 1981 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ, പണപ്പെരുപ്പത്തിനനുസരിച്ചുള്ള വരുമാന വളർച്ച 20 ശതമാനത്തിൽ ഒതുങ്ങിയപ്പോൾ വീടുവില 163.5 ശതമാനം എന്ന  തോതിലാണ് വർധിച്ചത്.

നിലവിൽ ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് 2.25 ശതമാനമായി തുടരുന്നത് മുൻ വർഷങ്ങളിലെ അഞ്ച് ശതമാനത്തെ അപേക്ഷിച്ച് കുറവാണെങ്കിലും, കോവിഡ് കാലത്തെ കുറഞ്ഞ നിരക്കുകൾ പ്രതീക്ഷിക്കുന്ന ഉപഭോക്താക്കൾ വിപണിയിൽ സജീവമാകുന്നില്ല. വില ഇനിയും കുറയുമെന്ന പ്രതീക്ഷയിൽ ഭൂരിഭാഗം പേരും തങ്ങളുടെ ഭവന നിർമ്മാണ പദ്ധതികൾ മാറ്റിവച്ചിരിക്കുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.