കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹം; എം.വി. ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള സിപിഐഎം നേതാക്കള്‍ക്കെതിരെ പരാതി

By: 600002 On: Apr 13, 2026, 8:32 AM



 

പി പി ചെറിയാന്‍

തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ കൂട്ടുനിന്നു എന്നാരോപിച്ച് സിപിഐഎം ഉന്നത നേതാക്കള്‍ക്കെതിരെ പോലീസില്‍ പരാതി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, മന്ത്രി വി. ശിവന്‍കുട്ടി, എ.എ. റഹീം എംപി എന്നിവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കുന്നംകുളം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വിഘ്നേശ്വര പ്രസാദാണ് പരാതി നല്‍കിയത്.

ശൈശവ വിവാഹ നിരോധന നിയമം, പോക്‌സോ തുടങ്ങിയ വകുപ്പുകള്‍ ചുമത്തണമെന്നാണ് പരാതിയിലെ ആവശ്യം. എന്നാല്‍ വിവാഹം നടത്തിയത് തങ്ങളല്ലെന്നും ക്ഷണപ്രകാരം ചടങ്ങില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സിപിഐഎം നേതൃത്വത്തിന്റെ വിശദീകരണം. വിവാഹത്തിന് മുന്‍പ് വധൂവരന്മാര്‍ പ്രായം തെളിയിക്കുന്ന രേഖകള്‍ പോലീസിനെ കാണിച്ചിരുന്നതായും പാര്‍ട്ടി വ്യക്തമാക്കി. കുന്നംകുളം പോലീസാണ് പരാതി അന്വേഷിക്കുന്നത്.