കാനഡയിൽ നിന്ന് വേർപിരിഞ്ഞ് സ്വതന്ത്രമാകാനുള്ള അൽബെർട്ട പ്രവിശ്യയുടെ നീക്കങ്ങൾക്ക് കോടതിയുടെ താൽക്കാലിക വിലക്ക്. വിഘടനവാദത്തിൻ്റെ ഭാഗമായി നടത്താനിരുന്ന ഹിതപരിശോധന നടപടികളാണ് കോടതി തടഞ്ഞത്. വേർപിരിയൽ ഗോത്രവർഗ്ഗക്കാരുടെ അവകാശങ്ങളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജിയുടെ ഈ സുപ്രധാന ഇടപെടൽ.
സ്വാതന്ത്ര്യത്തിനായി വോട്ടെടുപ്പ് നടത്തുമെന്ന് അൽബെർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് പ്രഖ്യാപിച്ചിരുന്നെങ്കിലും, അത് നിലവിലുള്ള കരാറുകളുടെ ലംഘനമാകുമെന്ന ഗോത്രവർഗ്ഗ നേതാക്കളുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. വിഷയത്തിൽ കൂടുതൽ നിയമപരമായ വ്യക്തത വരുന്നത് വരെ വോട്ടെടുപ്പുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ഇതോടെ അൽബെർട്ടയിലെ വിഘടനവാദ നീക്കങ്ങൾ വലിയ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഈ കോടതി ഇടപെടൽ അത്യാവശ്യമായിരുന്നുവെന്ന് പ്രതിപക്ഷ നേതാക്കൾ പ്രതികരിച്ചു. അതേസമയം, കോടതി ഉത്തരവ് താൽക്കാലികം മാത്രമാണെന്നും ജനഹിതം അറിയാൻ വോട്ടെടുപ്പ് നടത്താൻ ആൽബർട്ടയ്ക്ക് അവകാശമുണ്ടെന്നുമാണ് അനുകൂലികളുടെ നിലപാട്. വരും മാസങ്ങളിൽ കേസിൽ കൂടുതൽ വാദം കേൾക്കൽ നടക്കും.