ക്യൂബെക്കിലെ ഭരണകക്ഷിയായ സി.എ.ക്യു പാർട്ടിയുടെ പുതിയ നേതാവായി ക്രിസ്റ്റീൻ ഫ്രെഷെറ്റ് തിരഞ്ഞെടുക്കപ്പെട്ടു. ഫ്രാൻസ്വ ലെഗാൽട്ടിന് പകരക്കാരിയായി അവർ ക്യൂബെക്കിൻ്റെ 33-ാമത് പ്രീമിയറായി ചുമതലയേൽക്കും. പോളിൻ മറോയിസിന് ശേഷം ക്യൂബെക്കിനെ നയിക്കുന്ന രണ്ടാമത്തെ വനിതയെന്ന ചരിത്രനേട്ടവും ക്രിസ്റ്റീൻ ഇതോടെ സ്വന്തമാക്കി.
ഞായറാഴ്ച ഡ്രമ്മണ്ട്‌വില്ലിൽ നടന്ന വോട്ടെടുപ്പിൽ 57.9 ശതമാനം വോട്ട് നേടിയാണ് 56-കാരിയായ ക്രിസ്റ്റീൻ വിജയിച്ചത്. ശക്തമായ പോരാട്ടത്തിൽ ബെർണാഡ് ഡ്രെയിൻവില്ലിനെയാണ് അവർ പരാജയപ്പെടുത്തിയത്. പാർട്ടിക്ക് ജനപ്രീതി കുറയുന്ന പശ്ചാത്തലത്തിൽ ലെഗാൽട്ട് ഒഴിഞ്ഞ സ്ഥാനത്തേക്കാണ് മുൻ മന്ത്രി കൂടിയായ ക്രിസ്റ്റീൻ എത്തുന്നത്.
ക്യൂബെക്ക് രാഷ്ട്രീയത്തിൽ ഒരു പുതിയ അധ്യായം തുടങ്ങുമെന്ന് തൻ്റെ വിജയപ്രസംഗത്തിൽ അവർ പറഞ്ഞു. ജനങ്ങളെ വലയ്ക്കുന്ന ജീവിതച്ചെലവ് കുറയ്ക്കുക എന്നതാണ് തൻ്റെ പ്രധാന ലക്ഷ്യമെന്ന് അവർ വ്യക്തമാക്കി. ഇതിൻ്റെ ഭാഗമായി വാഹന രജിസ്‌ട്രേഷൻ ഫീസ്, പ്രോപ്പർട്ടി ടാക്സ് എന്നിവ കുറയ്ക്കുമെന്നും മെച്ചപ്പെട്ട ആരോഗ്യ-പാർപ്പിട സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും ക്രിസ്റ്റീൻ വാഗ്ദാനം ചെയ്തു.
പുതിയ മന്ത്രിസഭ രൂപീകരിച്ച ശേഷം മെയ് അഞ്ചിന് അവർ ഔദ്യോഗികമായി നാഷണൽ അസംബ്ലിയിൽ തിരിച്ചെത്തും. വരാനിരിക്കുന്ന ഒക്ടോബർ തിരഞ്ഞെടുപ്പിന് മുൻപായി പാർട്ടിയെ ശക്തിപ്പെടുത്തുക എന്ന വലിയ വെല്ലുവിളിയാണ് പുതിയ പ്രീമിയർക്ക് മുന്നിലുള്ളത്.