കാനഡയിൽ നിന്ന് വേർപിരിയണമെന്ന ആവശ്യത്തിന് ആൽബർട്ടയിൽ പിന്തുണ ഏറുന്നു. 25 മുതൽ 27 ശതമാനം വരെ ആളുകൾ വേർപിരിയിൽ വാദത്തെ അനുകൂലിക്കുന്നതായാണ് പുതിയ സർവ്വെ വ്യക്തമാക്കുന്നത്. പ്രമുഖ വ്യവസായി ഇലോൺ മസ്‌ക്, ഹാസ്യനടൻ റോബ് സ്നൈഡർ തുടങ്ങിയവർ ഈ നീക്കത്തിന് പിന്തുണയുമായി രംഗത്തെത്തിയതോടെയാണ് ഇത് സംബന്ധിച്ച ചർച്ചകൾ സജീവമായത്.
ആൽബർട്ട സ്വാതന്ത്ര്യം നേടുന്നതിൽ അമേരിക്കൻ രാഷ്ട്രീയ വൃത്തങ്ങൾക്ക് താൽപ്പര്യമുണ്ടെന്ന് വിഘടനവാദി നേതാവ് ഡേവിഡ് പാർക്കർ അവകാശപ്പെട്ടു. എന്നാൽ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്. വിഘടനവാദം നിലവിലുള്ള തങ്ങളുടെ അവകാശങ്ങളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഗോത്രവർഗ്ഗ നേതാക്കൾ കോടതിയെ സമീപിച്ചിട്ടുണ്ട്. ആൽബർട്ട വേർപിരിയുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിക്കും സാമൂഹിക ഭിന്നതയ്ക്കും കാരണമാകുമെന്ന് എൻ.ഡി.പി നേതാവ് നഹീദ് നെൻഷിയും മുന്നറിയിപ്പ് നൽകി. പ്രാദേശിക രാഷ്ട്രീയത്തിൽ വിദേശ ഇടപെടലുകൾ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, വിഷയത്തിൽ വോട്ടെടുപ്പ് നടത്തുന്നതിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ആൽബർട്ട കാനഡയിൽ തന്നെ തുടരണമെന്ന പക്ഷത്താണ് പ്രവിശ്യാ ഭരണകൂടം.ഫെഡറൽ സർക്കാരിനോടുള്ള പ്രതിഷേധവും കനേഡിയൻ എന്ന നിലയിലുള്ള അഭിമാനവും തമ്മിലുള്ള ആശയക്കുഴപ്പത്തിലാണ് നിലവിൽ അൽബെർട്ടയിലെ ഭൂരിഭാഗം ജനങ്ങളുമെന്നാണ് സർവേകൾ വ്യക്തമാക്കുന്നത്.