നാറ്റോ വിടാന്‍ ട്രംപ്; നീക്കം നിയമവിരുദ്ധമെന്ന് രാജാ കൃഷ്ണമൂര്‍ത്തി

By: 600002 On: Apr 12, 2026, 6:14 PM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്ക നാറ്റോ സഖ്യത്തില്‍ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് ഈ സൂചന നല്‍കിയത്. ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പൂര്‍ണ്ണ പിന്തുണ നല്‍കുന്നില്ലെന്ന നിരാശയാണ് ട്രംപിന്റെ ഈ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ നാറ്റോയില്‍ നിന്ന് പിന്മാറുന്നത് നിയമവിരുദ്ധമാണെന്ന് ഇന്ത്യന്‍ വംശജനായ യുഎസ് കോണ്‍ഗ്രസ് അംഗം രാജാ കൃഷ്ണമൂര്‍ത്തി മുന്നറിയിപ്പ് നല്‍കി.

2024-ലെ നാഷണല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്ട് പ്രകാരം, സെനറ്റിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷമോ കോണ്‍ഗ്രസിന്റെ പ്രത്യേക നിയമമോ ഇല്ലാതെ പ്രസിഡന്റിന് ഏകപക്ഷീയമായി നാറ്റോ വിടാന്‍ കഴിയില്ല.

അമേരിക്കയുടെ പിന്മാറ്റം റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്ക് കരുത്തുപകരുമെന്നും ആഗോള സുരക്ഷയെ ബാധിക്കുമെന്നും കൃഷ്ണമൂര്‍ത്തി കത്തില്‍ ചൂണ്ടിക്കാട്ടി. സഖ്യകക്ഷികള്‍ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തുമ്പോള്‍, മിക്ക രാജ്യങ്ങളും അമേരിക്കയെ സഹായിക്കുന്നുണ്ടെന്ന് മാര്‍ക്ക് റുട്ടെ വ്യക്തമാക്കി.
നിലവില്‍ സഖ്യത്തില്‍ നിന്ന് പിന്മാറുന്ന കാര്യത്തില്‍ വൈറ്റ് ഹൗസ് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.