പി പി ചെറിയാന്‍
ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസില്‍ അമ്മയെയും പപ്പയെയും കൊലപ്പെടുത്തി മൃതദേഹം കൊക്കയില്‍ തള്ളിയ മകളെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. 54 വയസ്സുകാരിയായ ചെറി റെബെയ്ന്‍, 58 വയസ്സുകാരനായ സ്റ്റീഫന്‍ റെബെയ്ന്‍ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് കസാന്‍ഡ്ര ലാംഗ് (29), ജോബി വില്യംസ് (30) എന്നിവര്‍ക്കെതിരെ ഒന്നിലധികം വ്യക്തികളെ കൊലപ്പെടുത്തിയ കുറ്റത്തിന് കേസെടുത്തതായി മെഡിന കൗണ്ടി ഷെരീഫ് ഓഫീസ് വെള്ളിയാഴ്ച അറിയിച്ചു.
തിങ്കളാഴ്ച മിക്കോയിലുള്ള വസതിയില്‍ വെച്ച് പ്രതികള്‍ ആദ്യം കസാന്‍ഡ്രയുടെ അമ്മയായ ചെറി റെബെയ്‌നെ (54) കൊലപ്പെടുത്തി. തുടര്‍ന്ന്, ജോലി കഴിഞ്ഞ് വീട്ടിലെത്തിയ രണ്ടാനച്ഛന്‍ സ്റ്റീഫന്‍ റെബെയ്‌നെയും (58) ഇവര്‍ കൊന്നു. ശേഷം മൃതദേഹങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി ആഴത്തിലുള്ള ഒരു കൊക്കയില്‍ ഉപേക്ഷിച്ചു.
സ്റ്റീഫന്‍ ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അറിയിച്ചതനുസരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തുവന്നത്. പ്രതികള്‍ കൊല്ലപ്പെട്ടവരുടെ കാറില്‍ കുട്ടികളുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. കോടതി ഇവര്‍ക്ക് 10 ലക്ഷം ഡോളര്‍ ജാമ്യം നിശ്ചയിച്ചു.