പി പി ചെറിയാന്‍
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ തിരക്കേറിയ ഗ്രാന്‍ഡ് സെന്‍ട്രല്‍ സബ് വേ സ്റ്റേഷനില്‍ യാത്രക്കാരെ വെട്ടിപ്പരിക്കേല്‍പ്പിച്ച അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു. ശനിയാഴ്ച രാവിലെയാണ് സംഭവം. ആന്തണി ഗ്രിഫിന്‍ (44) എന്നയാളാണ് കൊല്ലപ്പെട്ടത്.
കൈക്കോടാലി ഉപയോഗിച്ച് സ്റ്റേഷനിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരെ ഇയാള്‍ ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. 84-ഉം 65-ഉം വയസ്സുള്ള പുരുഷന്മാര്‍ക്കും 70 വയസ്സുള്ള സ്ത്രീക്കുമാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല.
സ്ഥലത്തെത്തിയ പൊലീസ് ആയുധം താഴെയിടാന്‍ 20 തവണ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വഴങ്ങിയില്ല. സ്വയം 'ലൂസിഫര്‍' എന്ന് വിശേഷിപ്പിച്ചുകൊണ്ട് അക്രമി പൊലീസിന് നേരെ അടുത്തതോടെയാണ് വെടിവെപ്പ് ഉണ്ടായത്.
അക്രമിക്ക് മുന്‍പും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പൊലീസ് കമ്മീഷണര്‍ ജെസീക്ക ടിഷ് അറിയിച്ചു. പൊലീസിന്റെ സമയോചിതമായ ഇടപെടലിനെ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചുള്‍ പ്രശംസിച്ചു.