കാനഡയുടെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം; 'നോർത്ത് സോഷ്യൽ' പ്രവർത്തനമാരംഭിച്ചു

By: 600110 On: Apr 11, 2026, 2:02 PM

ആഗോള ഭീമന്മാരായ യു.എസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് വെല്ലുവിളിയായി കാനഡയുടെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം 'നോർത്ത് സോഷ്യൽ' (Northsocial.ca) പ്രവർത്തനമാരംഭിച്ചു. ബ്രിട്ടീഷ് കൊളംബിയയിലെ യൂണിവേഴ്സിറ്റി ഓഫ് ഫ്രേസർ വാലിയിലെ മുൻ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ഈ നവീന സംരംഭത്തിന് പിന്നിൽ. വിദേശ ടെക് ഭീമന്മാരുടെ അൽഗോരിതങ്ങൾക്ക് അടിപ്പെടാതെ കനേഡിയൻ പൗരന്മാർക്ക് പരസ്പരം ആശയവിനിമയം നടത്താനുള്ള ഒരു സ്വതന്ത്ര ഇടമൊരുക്കുകയാണ് ഇതിൻ്റെ ലക്ഷ്യമെന്ന് സി.ഇ.ഒ കോളിൻ ഷ്മിത്ത് വ്യക്തമാക്കി.

നിലവിൽ വെബ്സൈറ്റ് വഴി ലഭ്യമായ ഈ പ്ലാറ്റ്‌ഫോമിൻ്റെ ആപ്പ് ഉടൻ പുറത്തിറങ്ങും. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ കാനഡയിലുള്ള സെർവറുകളിൽ തന്നെ സുരക്ഷിതമായി സൂക്ഷിക്കുമെന്നതാണ് ഈ പ്ലാറ്റ്‌ഫോമിൻ്റെ പ്രധാന സവിശേഷത.
ചില്ലിവാക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന സൈനിം മീഡിയ (Zynim Media Inc.) എന്ന കമ്പനിയാണ് ഈ പ്ലാറ്റ്‌ഫോമിൻ്റെ ഉടമസ്ഥർ. കനേഡിയൻ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത നോർത്ത് സോഷ്യലിൽ പോസ്റ്റുകൾ പങ്കുവെക്കാനും പിന്തുടരാനുമുള്ള സൗകര്യങ്ങൾക്ക് പുറമെ, ഗ്രൂപ്പുകൾ, ഗെയ്മിംഗ്, പ്രത്യേക മാർക്കറ്റ് പ്ലേസ് എന്നിവയും വരും ദിവസങ്ങളിൽ ഉൾപ്പെടുത്തും.

ആദ്യ എട്ടു മാസങ്ങളിൽ ചുരുങ്ങിയ ഉപഭോക്താക്കൾ മാത്രമാണുണ്ടായിരുന്നതെങ്കിലും കഴിഞ്ഞ ആറാഴ്ചയ്ക്കുള്ളിൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയതായി കമ്പനി അധികൃതർ വ്യക്തമാക്കി. ആഗോളതലത്തിലുള്ള വലിയ വെല്ലുവിളികൾക്കിടയിലും കാനഡയുടെ തനതായ ഒരു ഡിജിറ്റൽ സംസ്‌കാരം കെട്ടിപ്പടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും കോളിൻ ഷ്മിത്ത് കൂട്ടിച്ചേർത്തു.