ആൽബർട്ടയിലെ നഗര കേന്ദ്രങ്ങളിലുള്ള ആശുപത്രികളിൽ ആയുധങ്ങൾ കണ്ടെത്താനുള്ള സ്‌കാനിംഗ് സംവിധാനങ്ങൾ എത്രയും വേഗം ഏർപ്പെടുത്തണമെന്ന് യുണൈറ്റഡ് നഴ്‌സസ് ഓഫ് ആൽബർട്ട പ്രവിശ്യാ സർക്കാരിനോട് ആവശ്യപ്പെട്ടു. ആശുപത്രികളിൽ നഴ്‌സുമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ അക്രമ ഭീഷണികൾ നേരിടുകയാണെന്ന് സംഘടനയുടെ പ്രസിഡൻ്റ് ഹീതർ സ്മിത്ത് ചൂണ്ടിക്കാട്ടി.
കഴിഞ്ഞയാഴ്ച എഡ്‌മൻ്റണിലെ റോയൽ അലക്‌സാണ്ട്ര ഹോസ്പിറ്റലിൽ നടന്ന ആക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം ശക്തമായത്. മറ്റ് പ്രവിശ്യകളിൽ നിലവിലുള്ളത് പോലെ അത്യാധുനിക ആയുധ പരിശോധനാ സംവിധാനങ്ങൾ അൽബർട്ടയിലെ തിരക്കേറിയ എമർജൻസി വിഭാഗങ്ങളിലും സ്ഥാപിക്കണമെന്നും, എല്ലാ ആശുപത്രികളിലും പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാൻ സർക്കാർ സ്ഥിരമായ ഫണ്ട് അനുവദിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ആശുപത്രികളിലെ അമിത തിരക്കും ചികിത്സാ സൗകര്യങ്ങളുടെ പരിമിതിയുമാണ് രോഗികളെയും ബന്ധുക്കളെയും അക്രമാസക്തരാക്കുന്നതെന്ന് ഹീതർ സ്മിത്ത് ആരോഗ്യ മന്ത്രിക്കയച്ച കത്തിൽ വ്യക്തമാക്കി. എമർജൻസി വിഭാഗങ്ങളിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നത് സംഘർഷാവസ്ഥയ്ക്കും തുടർന്ന് അക്രമങ്ങൾക്കും കാരണമാകുന്നു. കഴിഞ്ഞയാഴ്ചത്തെ ആക്രമണത്തിൽ മാരകായുധങ്ങളുമായി ഒരാളെ പോലീസ് പിടികൂടിയിരുന്നു.
ആശുപത്രികളിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും, ജീവനക്കാരുടെയും രോഗികളുടെയും ജീവൻ സംരക്ഷിക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികൾ വേണമെന്നാണ് സംഘടനയുടെ നിലപാട്. സുരക്ഷാ ഭീഷണി പരിഹരിക്കാതെ ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്നും നഴ്‌സുമാരുടെ സംഘടന മുന്നറിയിപ്പ് നൽകി.