കാനഡയിലെ ദക്ഷിണേഷ്യൻ സമൂഹത്തെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ബിഷ്‌ണോയ് കുറ്റവാളി സംഘത്തിലെ അംഗം അഭിജീത് കിംഗ്രയുടെ നാടുകടത്തൽ നടപടികൾ സാങ്കേതിക തടസ്സങ്ങളെത്തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചു. വ്യാഴാഴ്ച ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജി ബോർഡിൽ (IRB) വാദം കേൾക്കൽ ആരംഭിച്ചെങ്കിലും, പ്രതി നിലവിൽ എവിടെയുണ്ടെന്ന് വ്യക്തമല്ലാത്തതിനെത്തുടർന്ന് നടപടികൾ റദ്ദാക്കുകയായിരുന്നു.
ബി.സി. കോടതിയുടെ രേഖകൾ പ്രകാരം വെടിവെപ്പ്, തീവെപ്പ് കേസുകളിൽ കിംഗ്ര നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണെങ്കിലും, ഇയാളെ പാർപ്പിച്ചിരിക്കുന്ന കേന്ദ്രം കണ്ടെത്തുന്നതിൽ കാനഡ ബോർഡർ സർവീസസ് ഏജൻസിയും (CBSA) ഇമിഗ്രേഷൻ അധികൃതരും പരാജയപ്പെട്ടത് വലിയ സുരക്ഷാ വീഴ്ചയായി വിലയിരുത്തപ്പെടുന്നു. സർക്കാർ ഏജൻസികൾക്കിടയിലെ ഈ ഏകോപനമില്ലായ്മയ്ക്കെതിരെ സറേ മേയർ ഉൾപ്പെടെയുള്ള പ്രമുഖർ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
സ്റ്റുഡൻ്റ് വിസയിൽ കാനഡയിലെത്തിയ കിംഗ്ര, കുപ്രസിദ്ധമായ ലോറൻസ് ബിഷ്‌ണോയ് സംഘത്തിൽ ചേർന്ന് പ്രശസ്ത പഞ്ചാബി ഗായകൻ എപി ധില്ലന്റെ വസതിക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ കുറ്റസമ്മതം നടത്തിയ വ്യക്തിയാണ്. നിലവിൽ കാനഡയിലെ വിവിധ നഗരങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ബിഷ്‌ണോയ് സംഘത്തിൻ്റെ ഭീഷണിപ്പെടുത്തലുകൾക്കും അക്രമങ്ങൾക്കുമെതിരെ ടാസ്‌ക് ഫോഴ്‌സ് ശക്തമായ നടപടികൾ സ്വീകരിച്ചു വരികയാണ്.
372 വിദേശ പൗരന്മാർ നിരീക്ഷണത്തിലാണെന്നും ഇതിനോടകം 70 പേർക്കെതിരെ നാടുകടത്തൽ ഉത്തരവ് പുറപ്പെടുവിച്ചതായും സി.ബി.എസ്.എ അറിയിച്ചു. സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ അതിവേഗ നടപടികൾ ആവശ്യമാണെന്നിരിക്കെ, കിംഗ്രയുടെ കേസിൽ ഉണ്ടായ അനിശ്ചിതത്വം തിരിച്ചടിയായിരിക്കുകയാണ്