പി പി ചെറിയാന്‍
ലോസ് ഏഞ്ചല്‍സ്: പ്രശസ്ത ഹോളിവുഡ് നടന്‍ മാത്യു പെറിയുടെ മരണത്തിന് കാരണമായ മയക്കുമരുന്ന് എത്തിച്ചുനല്‍കിയ ജസ്വീന്‍ സംഘയ്ക്ക് 15 വര്‍ഷം ഫെഡറല്‍ തടവുശിക്ഷ വിധിച്ചു. 'കെറ്റാമൈന്‍ ക്വീന്‍' എന്നറിയപ്പെടുന്ന 42-കാരിയായ ജസ്വീന്‍, വന്‍തോതില്‍ മയക്കുമരുന്ന് ഇടപാടുകള്‍ നടത്തിയിരുന്നതായി കോടതി കണ്ടെത്തി.
2023 ഒക്ടോബറിലാണ് മാത്യു പെറി മരിച്ചത്. മരണത്തിന് തൊട്ടുമുമ്പുള്ള ആഴ്ചകളില്‍ 50 കുപ്പി കെറ്റാമൈന്‍ ജസ്വീന്‍ ഇദ്ദേഹത്തിന് വിറ്റതായി അധികൃതര്‍ സ്ഥിരീകരിച്ചു. തന്റെ പ്രവൃത്തികളില്‍ ഖേദമുണ്ടെന്ന് ജസ്വീന്‍ കോടതിയില്‍ പറഞ്ഞെങ്കിലും, ലാഭക്കൊതിയാണ് ഇവരെ ഇതിന് പ്രേരിപ്പിച്ചതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. പെറിയുടെ മരണത്തിന് പിന്നാലെ നടന്ന അന്വേഷണത്തില്‍ ഇവരുടെ വീട്ടില്‍ നിന്ന് വന്‍തോതില്‍ മയക്കുമരുന്നും പണവും കണ്ടെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട മറ്റ് പ്രതികള്‍ക്കും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്.