സ്‌കൂളില്‍ ഹാജരും യൂണിഫോമും നിര്‍ബന്ധമല്ല; ക്ലാസ് 3 മണിക്കൂര്‍ മാത്രം

By: 600007 On: Sep 30, 2021, 4:52 PM

സംസ്ഥാനത്ത് നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുമ്പോള്‍ ആദ്യ ദിവസങ്ങളില്‍ ക്ലാസ് സമയം രാവിലെ 10 മുതല്‍ ഒന്നു വരെ മൂന്ന് മണിക്കൂര്‍ മാത്രമായി നിജപ്പെടുത്താന്‍ വ്യാഴാഴ്ച ചേര്‍ന്ന ഗുണനിലവാര മേല്‍നോട്ട സമിതി (ക്യൂഐപി) യോഗം തീരുമാനിച്ചു. രക്ഷിതാക്കളുടെ പൂര്‍ണ സമ്മതത്തോടെയേ കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കേണ്ടതുള്ളൂ. ഹാജരും യൂണിഫോമും നിര്‍ബന്ധമല്ല. 

ഭിന്നശേഷി, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ എന്നിവര്‍ ആദ്യ ദിവസങ്ങളില്‍ സ്‌കൂളുകളില്‍ എത്തേണ്ടതില്ല. ആദ്യ അഞ്ച് ദിവസം പാഠ്യവിഷയ ക്ലാസുകള്‍ ഉണ്ടായിരിക്കില്ല. കോവിഡ് പ്രതിരോധ മാര്‍ഗ നിര്‍ദേശങ്ങളും കുട്ടികളുടെ മാനസിക ഉല്ലാസത്തിന് ഉതകുന്നതുമായ പ്രവര്‍ത്തനങ്ങള്‍ അധ്യാപകര്‍ ആസൂത്രണം ചെയ്യും. ഇതുസംബന്ധിച്ച സമ്പൂര്‍ണ മാര്‍ഗ രേഖ ഉടന്‍ പുറത്തിറക്കും.

20 മുതല്‍ 30 വരെ ജനകീയ പങ്കാളിത്തത്തോടെ സ്‌കൂള്‍ ശുചീകരണം നടത്തും. 38 അധ്യാപക സംഘടനകളും 19 യുവജനസംഘടനകളും സ്‌കൂളുകള്‍ തുറക്കുന്നതിന് എല്ലാ വിധ സഹായവും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് വാഗ്ദാനം ചെയ്തു.  ഗാന്ധിജയന്തി ദിനത്തില്‍ എല്ലായിടങ്ങളിലും ശുചീകരണം  സ്‌കൂളുകളും കേന്ദ്രീകരിക്കും.  കുട്ടികള്‍ക്കുള്ള   മാസ്‌ക്, തെര്‍മല്‍ സ്‌കാനര്‍, പള്‍സ് ഓക്‌സിമീറ്റര്‍, സാനിറ്റൈസര്‍ എന്നിവ സ്‌കൂളുകളില്‍.  ജനകീയ സമിതി  നേതൃത്വത്തില്‍ ലഭ്യമാക്കും. അധ്യാപകരും രക്ഷിതാക്കളും സ്‌കൂള്‍ ജീവനക്കാരും രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍  ഉറപ്പാക്കണം.
 
ശനിയാഴ്ച പകല്‍ രണ്ടിന് വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗവും  3.30ന് തൊഴിലാളി സംഘടനകളുടെ യോഗവും ചേരും. അന്ന് വൈകിട്ട്  അഞ്ചിന് മേയര്‍മാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവരുടെ യോഗം ചേരും. ആറിന് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും ചേരും. ഞായറാഴ്ച 11.30 ന് ഡിഇഒ മാരുടെയും എഇഒ മാരുടെയും യോഗം  ചേരും.  അഞ്ചിന്  കലക്ടര്‍മാരുടെ  യോഗവും ചേരുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

Content highlight: School opening