ടൊറൻ്റോ സ്വർണ്ണക്കവർച്ച: പ്രതിക്ക് നാല് വർഷം തടവും 22 മില്യൺ ഡോളർ പിഴയും

By: 600110 On: Apr 11, 2026, 8:37 AM

 

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണ്ണക്കവർച്ചാ കേസിൽ പ്രതിക്ക് നാല് വർഷം തടവുശിക്ഷ വിധിച്ചു. പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്തിയ സ്വർണ്ണവും പണവും കവർന്ന കേസിൽ പ്രതിയായ 44 കാരൻ അർസ്ലാൻ ചൗധരിക്കാണ് ബ്രാംപ്ടൺ കോടതി ശിക്ഷ വിധിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ, കവർച്ച ചെയ്ത തുകയ്ക്ക് തുല്യമായ 22 മില്യൺ ഡോളർ (ഏകദേശം 180 കോടിയിലധികം രൂപ) നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു. അടുത്ത 40 വർഷത്തിനുള്ളിൽ ഈ തുക അടച്ചുതീർക്കണം.

2023 ഏപ്രിൽ 17-നാണ് രാജ്യാന്തര വിപണിയെ ഞെട്ടിച്ച കവർച്ച നടന്നത്. വിമാനത്തിൽ എത്തിയ 400 കിലോ സ്വർണ്ണവും 2.5 മില്യൺ ഡോളർ വിദേശ കറൻസിയുമാണ് വിമാനത്താവളത്തിലെ കാർഗോയിൽ നിന്ന് കാണാതായത്. കാനഡ കണ്ട ഏറ്റവും വലിയ സ്വർണ്ണക്കവർച്ചയാണിതെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. കവർച്ച ചെയ്ത സ്വർണ്ണം ഉരുക്കി വിൽക്കുകയും ആ പണം ഉപയോഗിച്ച് അനധികൃതമായി ആയുധങ്ങൾ വാങ്ങുകയും ചെയ്തതായി അന്വേഷണസംഘം കണ്ടെത്തി.

കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ ഒരു കിലോ സ്വർണ്ണവും അത് ഉരുക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും ലക്ഷക്കണക്കിന് ഡോളറും പോലീസ് കണ്ടെടുത്തിരുന്നു. നിരവധി പേർ ഇതിനോടകം അറസ്റ്റിലായെങ്കിലും ഒരു മുൻ എയർ കാനഡ ജീവനക്കാരൻ ഉൾപ്പെടെ രണ്ട് പ്രതികൾ ഇപ്പോഴും ഒളിവിലാണ്. കേസിൽ ചൗധരി കുറ്റം സമ്മതിച്ചതിനാലാണ് ശിക്ഷാ കാലാവധിയിൽ കോടതി ഇളവ് നൽകിയത്.