യൂറോപ്പിൻ്റെ പുതിയ അതിർത്തി നിയന്ത്രണ സംവിധാനമായ ഇ.ഇ.എസ്. പ്രാബല്യത്തിൽ. കാനഡക്കാർ ഉൾപ്പെടെയുള്ളവർക്ക് പുതിയ നിയമങ്ങൾ ബാധകം

By: 600110 On: Apr 11, 2026, 8:30 AM

യൂറോപ്യൻ യൂണിയൻ്റെ പുതിയ അതിർത്തി നിയന്ത്രണ സംവിധാനമായ ഇ.ഇ.എസ് (EES) ഏപ്രിൽ പത്ത് മുതൽ പ്രാബല്യത്തിലായി. ഹ്രസ്വകാല സന്ദർശനത്തിനായി യൂറോപ്പിലെത്തുന്ന കാനഡക്കാർ ഉൾപ്പെടെയുള്ളവർക്ക് പുതിയ നിയമങ്ങൾ ബാധകമാണ്. സന്ദർശകരുടെ വ്യക്തിഗത വിവരങ്ങൾക്കൊപ്പം വിരലടയാളവും മുഖചിത്രവും നിർബന്ധമായും ശേഖരിക്കും.പതിറ്റാണ്ടുകളായി നിലനില്ക്കുന്ന പാസ്‌പോർട്ടിലെ മാനുവൽ സ്റ്റാമ്പിംഗ് രീതി ഇതോടെ പൂർണ്ണമായും ഒഴിവാക്കപ്പെട്ടു.

ഫ്രാൻസ്, ജർമ്മനി, ഇറ്റലി ഉൾപ്പെടെ 29 യൂറോപ്യൻ രാജ്യങ്ങളിലാണ് ഈ പരിഷ്കാരം നടപ്പിലാക്കിയത്. സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഡിജിറ്റൽ രജിസ്ട്രേഷൻ ഏർപ്പെടുത്തിയത്. ബയോമെട്രിക് പാസ്‌പോർട്ട് ഉള്ളവർക്ക് കിയോസ്കുകൾ വഴി നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. എന്നാൽ ബയോമെട്രിക് സംവിധാനമില്ലാത്തവർ നേരിട്ടുള്ള പരിശോധനകൾക്കായി കൂടുതൽ സമയം കാത്തുനിൽക്കേണ്ടി വരും. നിയമം നടപ്പിലാക്കിയ ആദ്യ ദിനങ്ങളിൽ പ്രധാന വിമാനത്താവളങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

മണിക്കൂറുകളോളം നീണ്ട ക്യൂ കാരണം പല യാത്രികർക്കും കണക്ഷൻ ഫ്ലൈറ്റുകൾ നഷ്ടമായതായി റിപ്പോർട്ടുണ്ട്. കൃത്യമായി രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്ന് ആയിരക്കണക്കിന് ആളുകൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു.വിമാനത്താവളങ്ങളിൽ നേരിടുന്ന ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ അധികൃതർ ശ്രമം തുടരുകയാണ്. യാത്രികർ നിശ്ചിത സമയത്തിന് ഏറെ മുൻപേ വിമാനത്താവളങ്ങളിൽ എത്തണമെന്ന് നിർദ്ദേശമുണ്ട്. ലേഓവർ സമയങ്ങളിൽ കൂടുതൽ സാവകാശം കണക്കാക്കി വേണം യാത്രകൾ പ്ലാൻ ചെയ്യാൻ.

യാത്രയ്ക്ക് മുൻപായി വിമാനത്താവളങ്ങളിലെ തിരക്ക് പരിശോധിക്കുന്നത് ഉചിതമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ആദ്യ മാസങ്ങളിൽ ഇത്തരം സാങ്കേതിക തടസ്സങ്ങൾ തുടരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.ഒരിക്കൽ വിവരങ്ങൾ രജിസ്റ്റർ ചെയ്തവർക്ക് പിന്നീടുള്ള യാത്രകൾ കൂടുതൽ സുഗമമാകും.    ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതോടെ അതിർത്തി കടന്നുള്ള പരിശോധനകൾ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.