കടുത്ത സാമ്പത്തിക പ്രതിസന്ധി: പെന്‍ഷന്‍ വിഹിതം അടയ്ക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും തപാല്‍ നിരക്ക് വര്‍ധിപ്പിക്കാനും യുഎസ് പോസ്റ്റല്‍ സര്‍വീസ്

By: 600002 On: Apr 10, 2026, 9:44 AM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സ്റ്റാമ്പ് വില വര്‍ധിപ്പിക്കാനും പെന്‍ഷന്‍ വിഹിതം അടയ്ക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും യുഎസ് പോസ്റ്റല്‍ സര്‍വീസ് (USPS) തീരുമാനിച്ചു. 2027 ഫെബ്രുവരിയോടെ ഫണ്ട് പൂര്‍ണ്ണമായും തീരുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നാണ് ഈ അടിയന്തര നടപടി.

ഫസ്റ്റ് ക്ലാസ് 'ഫോറെവര്‍' സ്റ്റാമ്പുകളുടെ വില 78 സെന്റില്‍ നിന്ന് 82 സെന്റായി ഉയര്‍ത്താന്‍ അനുമതി തേടി.

ജീവനക്കാരുടെ വിരമിക്കല്‍ ഫണ്ടിലേക്ക്  സ്ഥാപനം നല്‍കേണ്ട വിഹിതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എന്നാല്‍ ഇത് നിലവിലെ പെന്‍ഷന്‍കാരെ ബാധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

2025 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 900 കോടി ഡോളറിന്റെ (9 Billion) നഷ്ടമാണ് ഡടജട രേഖപ്പെടുത്തിയത്. ഓണ്‍ലൈന്‍ ആശയവിനിമയം കൂടിയതോടെ തപാല്‍ ഉരുപ്പടികളുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടായി.

കടമെടുപ്പ് പരിധി 1500 കോടി ഡോളറില്‍ നിന്ന് 3450 കോടി ഡോളറായി ഉയര്‍ത്തണമെന്ന് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഡേവിഡ് സ്‌റ്റൈനര്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. നിലവിലെ സേവനങ്ങള്‍ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാണ് ഈ നീക്കമെന്ന് അധികൃതര്‍ വ്യക്തമാക്കി.