ഡോക്ടർമാരെ ആകർഷിക്കാൻ 'കോഫി ട്രക്ക്': വിമർശനങ്ങൾ തള്ളി ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ

By: 600110 On: Apr 10, 2026, 8:20 AM

 

അമേരിക്കയിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരെ ബ്രിട്ടീഷ് കൊളംബിയയിലേക്ക് ആകർഷിക്കുന്നതിനായി സംഘടിപ്പിച്ച 'കോഫി ട്രക്ക്' പ്രചാരണ പരിപാടിക്കെതിരെ ഉയർന്ന വിമർശനങ്ങളെ തള്ളി പ്രീമിയർ ഡേവിഡ് ഇബി. യുഎസ് വെസ്റ്റ് കോസ്റ്റ് നഗരങ്ങളിലെ ആശുപത്രികൾക്ക് മുന്നിൽ ആരോഗ്യപ്രവർത്തകർക്ക് സൗജന്യമായി കാപ്പി വിതരണം ചെയ്തുകൊണ്ടുള്ള ഈ നൂതന പദ്ധതിക്കായി സർക്കാർ 1,65,000 ഡോളറാണ് ചെലവിട്ടത്.

ആയിരം കപ്പ് കാപ്പി മാത്രം വിതരണം ചെയ്ത ഈ പരിപാടിയിൽ, ഒരു കപ്പിന് ഏകദേശം 164 ഡോളർ ചെലവ് വന്നുവെന്നും ഇത് പൊതുപണത്തിൻ്റെ ധൂർത്താണെന്നും കനേഡിയൻ ടാക്സ് പേയേഴ്സ് ഫെഡറേഷൻ ആരോപിച്ചു. എന്നാൽ, കാപ്പിയുടെ വിലയല്ല, മറിച്ച് പദ്ധതിയിലൂടെ പ്രവിശ്യയിലേക്ക് എത്തിയ ഡോക്ടർമാരുടെ എണ്ണമാണ് വിജയത്തിൻ്റെ മാനദണ്ഡമെന്ന് പ്രീമിയർ വ്യക്തമാക്കി. സർക്കാരിൻ്റെ ചരിത്രത്തിലെ ഏറ്റവും ഫലപ്രദമായ മാർക്കറ്റിംഗ് നീക്കമാണിതെന്ന് വിശേഷിപ്പിച്ച ഇബി, പദ്ധതിയിലൂടെ 500-ലധികം അമേരിക്കൻ ആരോഗ്യപ്രവർത്തകരെ ഇതിനോടകം നിയമിക്കാൻ സാധിച്ചതായി അറിയിച്ചു. ഒരു പുതിയ ഡോക്ടറെ പരിശീലിപ്പിക്കാൻ ഏകദേശം 3,50,000 ഡോളർ ചെലവ് വരുമെന്നിരിക്കെ, അതിലും കുറഞ്ഞ തുകയിൽ വൈദഗ്ധ്യമുള്ള ഡോക്ടർമാരെ കണ്ടെത്താൻ ഈ പ്രചാരണത്തിലൂടെ സാധിച്ചു. രണ്ടായിരത്തിലധികം അപേക്ഷകൾ ലഭിച്ചതായും കഴിഞ്ഞ മാസം മാത്രം നൂറോളം പേരെ നിയമിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.  പദ്ധതിയെ വിമർശിക്കുന്നവർ ഇതിൻ്റെ ദീർഘകാല നേട്ടങ്ങൾ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.