കാനഡയിലെ എഡ്മൻ്റണ് കിഴക്ക് ഷെർവുഡ് പാർക്കിൽ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിൽ മാരക പ്രഹരശേഷിയുള്ള സ്ഫോടകവസ്തു കണ്ടെടുത്തു. ഒരു ബ്രീഫ്കെയ്‌സിനുള്ളിൽ കണ്ടെത്തിയ ഈ ബോംബ്, പരമാവധി ആളുകളെ അപായപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്ന് മുൻ ആർസിഎംപി ഉദ്യോഗസ്ഥനും സുരക്ഷാ വിദഗ്ധനുമായ നീൽ ലെമേ പറഞ്ഞു. സാധാരണ പൈപ്പ് ബോംബുകളിൽ നിന്ന് വ്യത്യസ്തമായി, കെട്ടിടങ്ങളോ വാഹനങ്ങളോ തകർക്കുന്നതിലുപരി മനുഷ്യജീവന് ഭീഷണിയാകുന്ന രീതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത് എന്ന് വിദഗ്ദ്ധർ പറഞ്ഞു.
ചൊവ്വാഴ്ച പുലർച്ചെ 1:30-ഓടെ പെമ്പിന റോഡിന് സമീപം നടത്തിയ പട്രോളിംഗിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ ഒരു ബുയിക് വെരാനോ കാർ പോലീസിൻ്റെ ശ്രദ്ധയിൽപ്പെടുന്നത്. വാഹനത്തിൻ്റെ ലൈസൻസ് പ്ലേറ്റിലെ സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കാറിനുള്ളിൽ നിന്ന് മാരകായുധങ്ങളും മയക്കുമരുന്ന് ഉപകരണങ്ങളും കണ്ടെത്തി. തുടർന്ന് നടത്തിയ വിശദമായ തിരച്ചിലിലാണ് ഫോം ഇൻസുലേറ്റ് ചെയ്ത ബ്രീഫ്കെയ്‌സിനുള്ളിൽ വയറുകളും സ്ക്രൂകളും ഘടിപ്പിച്ച സ്ഫോടകവസ്തു കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് വാഹനത്തിൻ്റെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഒഴിവായത് വലിയൊരു അപകടമാണെന്ന് അധികൃതരുടെ പറഞ്ഞു.