ഐസിസ് ഭീകരസംഘടനയുടെ ആശയങ്ങളിൽ ആകൃഷ്ടനായി ന്യൂയോർക്കിൽ വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ട പാകിസ്ഥാൻ സ്വദേശി മുഹമ്മദ് ഷഹസീബ് ഖാൻ അമേരിക്കൻ കോടതിയിൽ കുറ്റസമ്മതം നടത്തി. കാനഡയിൽ വിദ്യാർത്ഥി വിസയിലെത്തിയ ഇയാൾ ബ്രൂക്ലിനിലെ ഒരു ജൂത കമ്മ്യൂണിറ്റി സെൻ്ററിനെ ലക്ഷ്യം വെച്ചാണ് ആക്രമണം ആസൂത്രണം ചെയ്തത്.
2024 ഒക്ടോബറിൽ അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ച് കൂട്ടക്കൊല നടത്താനായിരുന്നു ഇയാളുടെ ലക്ഷ്യം. എന്നാൽ പദ്ധതി നടപ്പാക്കുന്നതിന് മുൻപ് തന്നെ സെപ്റ്റംബറിൽ യുഎസ് അതിർത്തിക്ക് സമീപം വെച്ച് ഇയാൾ പിടിയിലായി. തുടർന്ന് 2025-ൽ കാനഡയിൽ നിന്ന് ഇയാളെ വിചാരണയ്ക്കായി അമേരിക്കയ്ക്ക് കൈമാറുകയായിരുന്നു.
ഓൺലൈൻ വഴിയുള്ള ഐസിസ് പ്രചാരണങ്ങളാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്നും എന്നാൽ തൻ്റെ പ്രവൃത്തി വലിയ തെറ്റായിരുന്നുവെന്നും കോടതിയിൽ ഖാൻ ഏറ്റുപറഞ്ഞു. രാജ്യത്തിൻ്റെ അതിർത്തികൾ ലംഘിച്ച് ഭീകരാക്രമണത്തിന് ശ്രമിച്ചു എന്ന ഗുരുതരമായ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കുറ്റം സമ്മതിച്ച സാഹചര്യത്തിൽ ഇയാൾക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. ഈ വർഷം അവസാനത്തോടെ ശിക്ഷാവിധി ഉണ്ടാകും. ഓൺലൈൻ വഴിയുള്ള തീവ്രവാദ ആശയങ്ങൾ യുവാക്കളെ എങ്ങനെ വഴിതെറ്റിക്കുന്നു എന്നതിൻ്റെ ഉദാഹരണമാണ് ഈ കേസ് എന്ന് അമേരിക്കൻ അന്വേഷണ ഏജൻസികൾ വ്യക്തമാക്കി.