ആൽബർട്ട വിഘടനവാദത്തിനെതിരെ പുതിയ പോരാട്ടവുമായി എൻഡിപി

By: 600110 On: Apr 10, 2026, 5:58 AM

ആൽബർട്ട പ്രവിശ്യയെ കാനഡയിൽ നിന്ന് വേർപെടുത്താനുള്ള  നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിരോധവുമായി ആൽബെർട്ട എൻഡിപി രംഗത്തെത്തി. "ഫോർ അൽബെർട്ട, ഫോർ കാനഡ" എന്ന പേരിൽ പുതിയൊരു ജനകീയ പ്രചാരണ പരിപാടിക്ക് എൻഡിപി നേതാവ് നഹീദ് നെൻഷി തുടക്കം കുറിച്ചു.2026 ഒക്ടോബറിൽ നടക്കാൻ സാധ്യതയുള്ള ഹിതപരിശോധനയ്ക്ക് മുന്നോടിയായി സാധാരണക്കാരായ ജനങ്ങളെ വിഘടനവാദത്തിനെതിരെ അണിനിരത്തുകയാണ് ഈ ക്യാമ്പയിൻ്റെന്റെ ലക്ഷ്യം. രാഷ്ട്രീയ ഭേദമന്യേ എല്ലാ ആൽബർട്ട നിവാസികളും രാജ്യത്തിൻ്റെ ഐക്യത്തിനായി ഈ പോരാട്ടത്തിൽ പങ്കുചേരണമെന്ന് നെൻഷി ആഹ്വാനം ചെയ്തു.

ക്യാമ്പയിന്റെ ഭാഗമായി ഏപ്രിൽ 25-ന് പ്രവിശ്യയിലുടനീളം പ്രതിഷേധ ദിനമായി ആചരിക്കാൻ പാർട്ടി തീരുമാനിച്ചു. കാനഡയുടെ ഐക്യം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ സാധാരണക്കാരുടെ ശബ്ദം ഉയരണമെന്ന് പറഞ്ഞ നെൻഷി, വിഘടനവാദം ആൽബർട്ടയുടെ ഭാവിയെ അപകടത്തിലാക്കുമെന്നും മുന്നറിയിപ്പ് നൽകി. ഇതിനായുള്ള ഒപ്പുകൾ ശേഖരിക്കാൻ ഓൺലൈൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

വിഘടനവാദത്തിനായുള്ള ഒപ്പുകൾ ശേഖരിക്കുന്നത് എളുപ്പമാക്കിയ പ്രീമിയർ ഡാനിയേൽ സ്മിത്തിൻ്റെ നടപടിയെ നെൻഷി രൂക്ഷമായി വിമർശിച്ചു. പ്രീമിയർ രാജ്യത്തിൻ്റെ ഭാവി വെച്ച് കളിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 1995-ൽ ക്യുബെക്കിൽ നടന്ന സമാനമായ സാഹചര്യം കാനഡയുടെ ഐക്യത്തെ ഏതാണ്ട് തകർച്ചയുടെ വക്കിലെത്തിച്ചുവെന്നും, അത്തരം ചരിത്രപരമായ തെറ്റുകൾ ആവർത്തിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അതേസമയം, വിഘടനവാദ നീക്കങ്ങൾ തങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ലംഘിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ആൽബർട്ടയിലെ ആദിവാസി വിഭാഗങ്ങൾ കോടതിയെ സമീപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ വിഷയം ആൽബർട്ട രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുമെന്ന് ഉറപ്പാണ്