കാനഡയില്‍ 1.2 കോടി ജനങ്ങള്‍ക്ക് ബോണസ് തുക; ഈ വസന്തകാലത്ത് അക്കൗണ്ടിലെത്തും

By: 600002 On: Apr 9, 2026, 12:06 PM

 

പി പി ചെറിയാന്‍

കാനഡ: കാനഡയിലെ സാധാരണക്കാര്‍ക്ക് ആശ്വാസമേകാന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ നേതൃത്വത്തിലുള്ള ലിബറല്‍ സര്‍ക്കാര്‍ 'കാനഡ ഗ്രോസറീസ് ആന്‍ഡ് എസന്‍ഷ്യല്‍സ് ബെനഫിറ്റ്' പദ്ധതി പ്രഖ്യാപിച്ചു. വിലക്കയറ്റത്തില്‍ ബുദ്ധിമുട്ടുന്ന താഴ്ന്ന വരുമാനക്കാര്‍ക്കും ഇടത്തരക്കാര്‍ക്കുമായി 1.2 കോടിയിലധികം പൗരന്മാര്‍ക്കാണ് ഈ സാമ്പത്തിക സഹായം ലഭിക്കുക.

ജിഎസ്ടി ക്രെഡിറ്റിന്റെ 50 ശതമാനത്തിന് തുല്യമായ തുകയാണ് ലഭിക്കുക. അര്‍ഹതയനുസരിച്ച് 267 ഡോളര്‍ മുതല്‍ 533 ഡോളര്‍ വരെ ഒറ്റത്തവണയായി അക്കൗണ്ടിലെത്തും.

പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. 2024-ലെ നികുതി റിട്ടേണുകള്‍ കൃത്യമായി ഫയല്‍ ചെയ്തവര്‍ക്ക് തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലെത്തും.

ജൂലൈ മുതല്‍ ക്വാര്‍ട്ടര്‍ലി ജിഎസ്ടി പേയ്മെന്റുകളില്‍ 25% വര്‍ധനവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതോടെ ഒരു കുടുംബത്തിന് ഈ വര്‍ഷം ആകെ 1,890 ഡോളര്‍ വരെ ആനുകൂല്യം ലഭിച്ചേക്കാം.

ഭക്ഷ്യവില വര്‍ധനവും പണപ്പെരുപ്പവും മൂലമുള്ള പ്രതിസന്ധി മറികടക്കാന്‍ 11.7 ബില്യണ്‍ ഡോളറാണ് സര്‍ക്കാര്‍ ഈ പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നത്.

ജൂണ്‍ മാസത്തിന് മുമ്പായി തുക വിതരണം ചെയ്യാനാണ് ലക്ഷ്യം. തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക വിവരങ്ങള്‍ക്കായി മാത്രം സിആര്‍എ (CRA) വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്നും അധികൃതര്‍ അറിയിച്ചു.