മാനിറ്റോബ സർവ്വകലാശാലയിലെ നിയമവിഭാഗം മുൻ ഡീൻ ജോനാഥൻ ബ്ലാക്ക്-ബ്രാഞ്ചിനെ യുകെയിലെ ബാർ സ്റ്റാൻഡേർഡ് ബോർഡ് ഡീബാർ ചെയ്തു. സർവ്വകലാശാലാ ഫണ്ടിൽ നിന്ന് ലക്ഷക്കണക്കിന് ഡോളർ ദുരുപയോഗം ചെയ്തതിനാണ് ഇംഗ്ലണ്ടിലും വെയിൽസിലും ഇദ്ദേഹത്തിന് വിലക്കേർപ്പെടുത്തിയത്. 2024 ഫെബ്രുവരിയിൽ മാനിറ്റോബ ലോ സൊസൈറ്റിയും ഇദ്ദേഹത്തെ അയോഗ്യനാക്കിയിരുന്നു.
2016-നും 2020-നും ഇടയിൽ ഡീൻ ആയിരിക്കെ, എൻഡോവ്‌മെൻ്റ് ഫണ്ട് ഉപയോഗിച്ച് ആഡംബര ജീവിതം, വ്യക്തിഗത വിദ്യാഭ്യാസം, വിദേശ യാത്രകൾ എന്നിവനടത്തിയതായി കണ്ടെത്തി. 6,00,000 ഡോളറിലധികം (ഏകദേശം 5 കോടി രൂപ) ഇദ്ദേഹം ചിലവഴിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. തട്ടിപ്പ് വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ 2020-ൽ പദവി ഒഴിഞ്ഞ ബ്ലാക്ക്-ബ്രാഞ്ച് കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ഒളിവിലാണ്. ഇദ്ദേഹത്തിനെതിരെ കാനഡയിലുടനീളം അറസ്റ്റ് വാറണ്ട് നിലനിൽക്കുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. ദുരുപയോഗം ചെയ്ത 6,82,000 ഡോളർ തിരികെ ഈടാക്കാൻ മാനിറ്റോബ കോടതി ഉത്തരവിട്ടിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ നടപടികളിൽ ഉൾപ്പെടെ ഇദ്ദേഹത്തിനെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും നിയമസംവിധാനത്തോടുള്ള ഇദ്ദേഹത്തിൻ്റെ അവഗണന ഗൗരവകരമാണെന്നും വിന്നിപെഗ് പോലീസ് പറഞ്ഞു.