ഭവന നിർമ്മാണ മേഖലയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് നടപ്പിലാക്കിയ 'ബ്ലാങ്കറ്റ് റീസോണിംഗ്' നയം പിൻവലിക്കാൻ കാൽഗറി സിറ്റി കൗൺസിൽ തീരുമാനിച്ചു. ദിവസങ്ങളോളം നീണ്ടുനിന്ന പൊതുജന സമ്പർക്ക പരിപാടികൾക്കും ചർച്ചകൾക്കും ഒടുവിൽ ബുധനാഴ്ച നടന്ന വോട്ടെടുപ്പിൽ 12-3 എന്ന ഭൂരിപക്ഷത്തിനാണ് നയം റദ്ദാക്കാനുള്ള പ്രമേയം പാസാക്കിയത്. മേയർ ജെറോമി ഫാർക്കസിൻ്റെ നേതൃത്വത്തിൽ നടന്ന ഈ നീക്കം, നഗരത്തിലെ ഭൂവിനിയോഗ നിയമങ്ങൾ പഴയ രീതിയിലേക്ക് തിരികെ കൊണ്ടുപോകുന്നതിനുള്ള ആദ്യ ഔദ്യോഗിക നടപടിയാണ്.
ഓഗസ്റ്റ് നാല് മുതൽ ഈ മാറ്റം നിലവിൽ വരുമെന്ന് നഗരസഭ അറിയിച്ചു. അതേ സമയം പകരം സംവിധാനമില്ലാതെ നയം റദ്ദാക്കുന്നത് ഭരണപരമായ പാളിച്ചയാണെന്ന വിമർശനവും ഉയരുന്നുണ്ട്. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ, മുൻപ് ഒറ്റപ്പെട്ട വീടുകൾക്ക് മാത്രമായി നിശ്ചയിച്ചിരുന്ന സ്ഥലങ്ങളിൽ റോ ഹൗസുകളോ ടൗൺഹൗസുകളോ നിർമ്മിക്കണമെങ്കിൽ ഓരോ അപേക്ഷയ്ക്കും പ്രത്യേകം ഭൂവിനിയോഗ അനുമതി തേടേണ്ടി വരും. സാധാരണക്കാരുടെ ഭവന സ്വപ്നങ്ങളെ ബാധിക്കാത്ത തരത്തിൽ, എല്ലാവർക്കും സ്വീകാര്യമായ പുതിയൊരു ഭവന നയം വരും മാസങ്ങളിൽ രൂപീകരിക്കുമെന്നാണ് നഗരസഭ അധികൃതർ നൽകുന്ന ഉറപ്പ്.