കാനഡയിൽ 1.2 കോടി ജനങ്ങൾക്ക് ഇത്തവണ പ്രത്യേക സാമ്പത്തിക സഹായം: പ്രഖ്യാപനവുമായി സി.ആർ.എ

By: 600110 On: Apr 9, 2026, 11:31 AM

കാനഡയിലെ താഴ്ന്ന-ഇടത്തരം വരുമാനക്കാരായ കുടുംബങ്ങൾക്കും മുതിർന്ന പൗരന്മാർക്കും ആശ്വാസമായി കാനഡ റവന്യൂ ഏജൻസിയുടെ പ്രത്യേക ബോണസ്   പ്രഖ്യാപനം. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകൾ നേരിടാൻ സഹായിക്കുന്നതിനായി ഏകദേശം 1.2 കോടി കാനഡക്കാർക്ക് ഈ ആനുകൂല്യം ലഭിക്കും.

ജി.എസ്.ടി/എച്ച്.എസ്.ടി  ക്രെഡിറ്റ് പ്രോഗ്രാമുമായി ബന്ധിപ്പിച്ചാണ് ഈ ഒറ്റത്തവണ പേയ്‌മെൻ്റ് നൽകുന്നത്. ഇതനുസരിച്ച് അർഹരായ കുടുംബങ്ങൾക്ക് 533 ഡോളർ വരെയും, ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാർക്ക് 267 ഡോളർ വരെയും ലഭിക്കാൻ സാധ്യതയുണ്ട്. നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനും മറ്റ് ദൈനംദിന ആവശ്യങ്ങൾക്കും ജനങ്ങളെ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 'കാനഡ ഗ്രോസറി ആൻഡ് എസൻഷ്യൽസ് ബെനഫിറ്റ് ടോപ്പ്-അപ്പ്' എന്നാണ് ഈ ആനുകൂല്യത്തിന് പേര് നല്‍കിയിരിക്കുന്നത്.

2026 വസന്തകാലത്തോടെ തുക അർഹരുടെ കൈകളിലെത്തും. ഈ ആനുകൂല്യം ലഭിക്കുന്നതിനായി കാനഡയിലുള്ളവർ കൃത്യസമയത്ത് നികുതി റിട്ടേൺ  സമർപ്പിക്കേണ്ടതുണ്ട്. ഏപ്രിൽ 30 ആണ് നികുതി ഫയൽ ചെയ്യാനുള്ള അവസാന തീയതി. നികുതി രേഖകൾ സമർപ്പിക്കാത്തവർക്ക് ഈ ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.

പതിവായി ലഭിക്കുന്ന ജി.എസ്.ടി/എച്ച്.എസ്.ടി ക്രെഡിറ്റിന് പുറമെയാണ് ഈ ബോണസ് തുക നൽകുന്നത്. കൂടാതെ, അടുത്ത അഞ്ച് വർഷത്തേക്ക് ജി.എസ്.ടി/എച്ച്.എസ്.ടി പേയ്‌മെൻ്റുകളിൽ 25 ശതമാനം വർദ്ധനവ് വരുത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അർഹരായവരുടെ അക്കൗണ്ടുകളിലേക്ക് സി.ആർ.എ നേരിട്ട് തുക കൈമാറും. അതിനാൽ തങ്ങൾ ഈ ആനുകൂല്യത്തിന് അർഹരാണോ എന്ന് പരിശോധിക്കാൻ സർക്കാർ പൗരന്മാരോട് നിർദ്ദേശിച്ചു.