പി പി ചെറിയാന്‍
ന്യൂയോര്‍ക്ക്: ലോംഗ് ഐലന്‍ഡിനെ ദശകങ്ങളോളം ഭീതിയിലാഴ്ത്തിയ 'ഗില്‍ഗോ ബീച്ച്' പരമ്പരക്കൊലപാതക കേസിലെ പ്രതി റെക്‌സ് ഹ്യൂവര്‍മാന്‍ (62) കുറ്റം സമ്മതിച്ചു. 17 വര്‍ഷത്തിനിടെ എട്ട് സ്ത്രീകളെ ശ്വാസം മുട്ടിച്ചു കൊന്നതായാണ് ബുധനാഴ്ച കോടതിയില്‍ ഇയാള്‍ ഏറ്റുപറഞ്ഞത്.
മൂന്ന് ജീവപര്യന്തം തടവും കൂടാതെ 100 വര്‍ഷത്തെ അധിക തടവിനും ഇയാള്‍ സമ്മതിച്ചു. മെലിസ ബാര്‍ത്തലെമി, മേഗന്‍ വാട്ടര്‍മാന്‍, അംബര്‍ കോസ്റ്റല്ലോ തുടങ്ങി എട്ട് സ്ത്രീകളെ കൊലപ്പെടുത്തിയതായി ഇയാള്‍ കോടതിയില്‍ സ്ഥിരീകരിച്ചു. 1993 മുതല്‍ 2010 വരെയുള്ള കാലയളവിലായിരുന്നു ഈ ക്രൂരകൃത്യങ്ങള്‍.
വര്‍ഷങ്ങളോളം ദുരൂഹമായി തുടര്‍ന്ന ഈ കേസില്‍, ഹ്യൂവര്‍മാന്‍ ഉപയോഗിച്ചിരുന്ന പിക്ക് അപ്പ് ട്രക്കും അയാള്‍ ഉപേക്ഷിച്ച പിസ്സ ബോക്‌സില്‍ നിന്ന് ലഭിച്ച ഡി.എന്‍.എ പരിശോധനയുമാണ് നിര്‍ണ്ണായകമായത്.
കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും ഹ്യൂവര്‍മാന്റെ മുന്‍ഭാര്യയും മകളും കോടതിയില്‍ സന്നിഹിതരായിരുന്നു. ജൂണ്‍ 17-ന് ഇയാള്‍ക്കുള്ള ശിക്ഷ ഔദ്യോഗികമായി വിധിക്കും.
കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ കുടുംബം സ്ഥലത്തില്ലാതിരുന്നതിനാല്‍ ഇവര്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി.