ടൊറൻ്റോയിൽ സൗജന്യ എയർ കണ്ടീഷണർ പദ്ധതി: അപേക്ഷകൾ ക്ഷണിച്ചു

By: 600110 On: Apr 8, 2026, 11:39 AM

കഠിന ഉഷ്ണതരംഗത്തെ പ്രതിരോധിക്കുന്നതിനായി ടൊറൻ്റോയിലെ കുറഞ്ഞ വരുമാനമുള്ള താമസക്കാർക്ക് സൗജന്യമായി പോർട്ടബിൾ എയർ കണ്ടീഷണറുകൾ നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കഴിഞ്ഞ വർഷം പൈലറ്റ് പ്രോജക്റ്റായി ആരംഭിച്ച ഈ പദ്ധതി, മികച്ച വിജയം കണ്ടതിനെത്തുടർന്നാണ് ഈ വർഷം വിപുലീകരിക്കുന്നത്. 65 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർ, ഗർഭിണികൾ, ചെറിയ കുട്ടികളുള്ള മാതാപിതാക്കൾ അല്ലെങ്കിൽ കെയർ ഗിവേർസ്  എന്നിവർക്കാണ് ഈ ആനുകൂല്യത്തിന് അർഹതയുള്ളത്.

2026-ലെ ബജറ്റിൽ ഇതിനായി ഒരു ദശലക്ഷം ഡോളറാണ് നഗരസഭ വകയിരുത്തിയിരിക്കുന്നത്. ഇതിലൂടെ കുറഞ്ഞത് 1,000 എയർ കണ്ടീഷണറുകൾ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം ടൊറൻ്റോയിൽ ഉഷ്ണതരംഗങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു നീക്കമെന്ന് മേയർ ഒലീവിയ ചൗ പറഞ്ഞു. ഏപ്രിൽ 21 വരെ ലഭിക്കുന്ന അപേക്ഷകളിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് അർഹരായവരെ കണ്ടെത്തുന്നത്. എയർ കണ്ടീഷണറുകളുടെ വില, വിതരണം, ഇൻസ്റ്റലേഷൻ എന്നിവ പൂർണ്ണമായും സൗജന്യമായിരിക്കും. ബഹുനില കെട്ടിടങ്ങളിൽ എസി സൗകര്യമില്ലാതെ കഴിയുന്ന ദുർബല വിഭാഗങ്ങൾക്ക് ഈ പദ്ധതി വലിയ ആശ്വാസമാകുമെന്നാണ് നഗരസഭയുടെ വിലയിരുത്തൽ. പൊതുജനങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഈ പദ്ധതിയിലേക്ക് സംഭാവനകൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.