ഗ്രീൻ ഷർട്ട് ഡേ': അവയവദാനത്തിന് ആഹ്വാനം ചെയ്ത് കാനഡ

By: 600110 On: Apr 8, 2026, 11:26 AM

എട്ട് വർഷം മുൻപ് നടന്ന ഹംബോൾട്ട് ബ്രോങ്കോസ് ബസ് അപകടത്തിൽ മരിച്ച യുവ ഹോക്കി താരം ലോഗൻ ബൗലെറ്റിൻ്റെ സ്മരണയ്ക്കായി കാനഡയിൽ വീണ്ടും 'ഗ്രീൻ ഷർട്ട് ഡേ' ആചരിക്കുന്നു. ലോഗൻ്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിൻ്റെ അവയവങ്ങൾ ദാനം ചെയ്തതിലൂടെ ആറ് പേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നു. ഈ മാതൃക പിന്തുടരാൻ കാനഡയിലെമ്പാടുമുള്ള ജനങ്ങളോട് അവയവദാനത്തിനായി പേര് രജിസ്റ്റർ ചെയ്യാൻ ക്യാമ്പയ്ൻ സംഘാടകർ ആവശ്യപ്പെട്ടു.

2018 ഏപ്രിൽ 7-നായിരുന്നു ലോഗൻ ബൗലെറ്റ് അന്തരിച്ചത്. ലോഗൻ ബൗലെറ്റിൻ്റെ അവയവദാന വാർത്ത പുറത്തുവന്നതിനെത്തുടർന്ന് കാനഡയിൽ 1,50,000-ത്തിലധികം ആളുകളാണ് അവയവദാനത്തിനായി പുതുതായി രജിസ്റ്റർ ചെയ്തത്. ഇത് ആരോഗ്യരംഗത്ത് 'ലോഗൻ ബൗലെറ്റ് ഇഫക്റ്റ്' (Logan Boulet Effect) എന്നറിയപ്പെടുന്നു. 2018-ൽ സസ്കാച്ചെവാനിൽ നടന്ന വാഹനാപകടത്തിൽ ഹംബോൾട്ട് ബ്രോങ്കോസ് ഹോക്കി ടീമിലെ 16 പേർ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ തുടങ്ങിയ ഗ്രീൻ ഷർട്ട് ഡേ ഇന്ന് അവയവദാന ബോധവൽക്കരണത്തിൻ്റെ വലിയൊരു പ്രസ്ഥാനമായി മാറിയിരിക്കുകയാണ്.