മെക്സിക്കോയിലെ സിനലോവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പത്ത് ഖനി തൊഴിലാളികളിൽ ഒൻപത് പേർ കൊല്ലപ്പെട്ടതായി വാൻകൂവർ ആസ്ഥാനമായുള്ള വിസ്‌ല സിൽവർ കമ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ ജനുവരി 23-ന് കോൺകോർഡിയയിലെ കമ്പനി സൈറ്റിൽ നിന്നാണ് ഇവരെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയത്. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുകയാണെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ വിവരം അറിയിച്ചതായും കമ്പനി അറിയിച്ചു. അന്വേഷണത്തിൽ മെക്സിക്കൻ അധികൃതരുമായി പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്ന് കമ്പനി സിഇഒ മൈക്കൽ കൊണേർട്ട്, വ്യക്തമാക്കി.
സംഭവത്തിൽ ലഹരിമരുന്ന് മാഫിയ സംഘമായ 'ലൊസ് ചാപിറ്റോസിന് ബന്ധമുണ്ടെന്നാണ് സൂചന. മേഖലയിൽ ആധിപത്യം ഉറപ്പിക്കുന്നതിനായി ലഹരി സംഘങ്ങൾ തമ്മിൽ നിലനിൽക്കുന്ന കുടിപ്പകയാണ് സാധാരണക്കാരായ തൊഴിലാളികളുടെ മരണത്തിൽ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മെക്സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷീൻബോം അറിയിച്ചു. അതേസമയം, കമ്പനിയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള സുരക്ഷാ വീഴ്ചകൾ ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും അധികൃതർ അന്വേഷിച്ചു വരികയാണ്.