ബാക്ടീരിയ അണുബാധയെത്തുടർന്ന് 24 വയസ്സുകാരിയായ ഹീതർ വിന്റർസ്റ്റൈൻ മരിച്ച സംഭവത്തിൽ, തൻ്റെ രോഗനിർണ്ണയത്തിൽ പിഴവ് സമ്മതിച്ച് ഡോക്ടർ. പ്രാഥമിക നിഗമനം തെറ്റായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടർ ഇമാദ് നൂർ കോടതിയിൽ മൊഴി നൽകി. ഹീതറിൻ്റെ ശാരീരിക അസ്വസ്ഥതകൾ അവളുടെ വ്യക്തിപരമായ സാഹചര്യങ്ങളോ ലഹരിമരുന്ന് ഉപയോഗമോ മൂലമാണെന്നാണ് താൻ ആദ്യം കരുതിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ, അന്ന് ലഭ്യമായ വിവരങ്ങളുടെയും രോഗിയുടെ അവസ്ഥയുടെയും അടിസ്ഥാനത്തിൽ തൻ്റെ ചികിത്സാ രീതി ശരിയായിരുന്നുവെന്ന് അദ്ദേഹം ന്യായീകരിച്ചു.
പരിശോധനാ സമയത്ത് ഹീതർ അസ്വസ്ഥതകളോ കഠിനമായ വേദനയോ പ്രകടിപ്പിച്ചിരുന്നില്ലെന്നും, അതിനാൽ രക്തപരിശോധനയുടെ ആവശ്യമില്ലെന്ന് അന്ന് കരുതിയതായും അദ്ദേഹം കോടതിയെ അറിയിച്ചു. അതേ സമയം അണുബാധയ്ക്ക് മതിയായ ചികിത്സ നൽകാതെ വെറും ടൈലനോൾ മാത്രം നൽകി ഹീതറിനെ ആശുപത്രിയിൽ നിന്ന് മടക്കി അയച്ചതാണ് മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു. ഹീതറിനോടുള്ള വംശീയ വിദ്വേഷം മൂലവും അവൾ ലഹരിമരുന്നിന് അടിമയാണെന്ന മുൻവിധിയാലും ഡോക്ടർമാർ അവളോട് വിവേചനം കാണിച്ചു എന്നാണ് ഗോത്രവർഗ്ഗ സംഘടനകളുടെയും കുടുംബത്തിൻ്റെയും പരാതി. മരിക്കുന്നതിന് ഒരു ദിവസം മുൻപ് ഡിസ്ചാർജ് ചെയ്യപ്പെട്ട ഹീതറിന് ഒരു ബസ് ടിക്കറ്റ് മാത്രമാണ് അധികൃതർ നൽകിയതെന്നും ഇവർ പറയുന്നു .