നഗരത്തെ പച്ചപ്പണിയിക്കാൻ കാൽഗറി: പതിനായിരം തൈകൾ നട്ടുപിടിപ്പിക്കുന്നു

By: 600110 On: Apr 8, 2026, 8:04 AM

നഗരത്തിലെ ഹരിതവിസ്തൃതി വർദ്ധിപ്പിക്കാനുള്ള പദ്ധതിയുമായി കാൽഗറി സിറ്റി കൌൺസിൽ ഇതിൻ്റെ ഭാഗമായി 10,000 പുതിയ മരങ്ങൾ നട്ടുപിടിപ്പിക്കാനാണ് പദ്ധതി. നഗരത്തിൻ്റെ 'അർബൻ കാനോപ്പി' വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്. ഓരോ വീട്ടിലേക്കും രണ്ട് തൈകൾ വീതം നല്കും.

വർദ്ധിച്ചുവരുന്ന ചൂടിനെ പ്രതിരോധിക്കാനും തണൽ ഉറപ്പാക്കാനും ഈ മരങ്ങൾ സഹായിക്കും. അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് ആഗിരണം ചെയ്യുന്നതിലൂടെ വായുവിൻ്റെ ഗുണനിലവാരം വർദ്ധിപ്പിക്കും. പക്ഷികൾക്കും മറ്റ് ജീവജാലങ്ങൾക്കും പുതിയ ആവാസവ്യവസ്ഥകൾ ഒരുങ്ങും. കൂടുതൽ ഹരിതാഭമായ പാർക്കുകളും പൊതുഇടങ്ങളും നഗരവാസികളുടെ മാനസിക ഉല്ലാസത്തിന് വഴിയൊരുക്കും.

സ്‌കൂളുകൾ, പൊതുസ്ഥലങ്ങൾ, വിവിധ കമ്മ്യൂണിറ്റികൾ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും മരങ്ങൾ വെച്ചുപിടിപ്പിക്കുന്നത്. ഈ സംരംഭത്തിലൂടെ സുസ്ഥിര വികസനത്തിൽ മാതൃകയാകാനാണ് കാൽഗറി ലക്ഷ്യമിടുന്നത്. നട്ടുപിടിപ്പിക്കുന്ന തൈകൾ പരിപാലിക്കുന്നതിൽ പങ്കാളികളാകാൻ നഗരസഭ നിവാസികളോട് അഭ്യർത്ഥിച്ചു. വരും തലമുറയ്ക്കായി കൂടുതൽ പച്ചപ്പുള്ള ഒരു നഗരം കെട്ടിപ്പടുക്കുക എന്നതാണ് ഈ പദ്ധതിയൂടെ കാതൽ.