മൂന്ന് പതിറ്റാണ്ടിലേറെയായി ആൽബർട്ടയുടെ സാമ്പത്തിക അടിത്തറയായിരുന്ന ‘നികുതി ആനുകൂല്യം’ ഇല്ലാതാകുന്നതായി റിപ്പോർട്ട്. 1990-കളിൽ അന്നത്തെ പ്രീമിയർ റാൽഫ് ക്ലീൻ നടപ്പിലാക്കിയ വിപ്ലവകരമായ പരിഷ്കാരങ്ങളിലൂടെയാണ് ആൽബർട്ട കാനഡയിലെ ഏറ്റവും കുറഞ്ഞ നികുതിയുള്ള പ്രവിശ്യയായി മാറിയത്. എന്നാൽ സമീപകാലത്തെ സാമ്പത്തിക മാറ്റങ്ങൾ ഈ പദവിക്ക് ഭീഷണിയുയർത്തുകയാണ്.
കാനഡയിലെ മറ്റ് പ്രവിശ്യകളെ അപേക്ഷിച്ച് നികുതി കുറവായിരുന്ന 'ആൽബർട്ട അഡ്വാൻ്റേജ്' ഇപ്പോൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ധന നികുതിയും ഇൻഷുറൻസ് ലെവിയും ഉൾപ്പെടെയുള്ളവ വിവിധ സർക്കാരുകൾ വർദ്ധിപ്പിച്ചു. നികുതി വർദ്ധനവോടെ സാധാരണക്കാരുടെ ദൈനംദിന ജീവിതച്ചെലവ് ക്രമാതീതമായി ഉയർന്നു. ആൽബർട്ടയിലെ നികുതി ഭാരം ഇപ്പോൾ കാനഡയിലെ മറ്റ് പ്രവിശ്യകളിലെ ശരാശരി നിരക്കിന് ഒപ്പമെത്തിയെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
എണ്ണയാണ് ആൽബർട്ടയുടെ പ്രധാന വരുമാന സ്രോതസ്സ്. എണ്ണവില കുറഞ്ഞതോടെ സാമ്പത്തിക കമ്മി നികത്താൻ സർക്കാർ നികുതി കൂട്ടി. കടം തിരിച്ചടയ്ക്കാനുള്ള ഉയർന്ന പലിശ ചിലവുകൾ സർക്കാരിന് വലിയ ബാധ്യതയായി മാറിയിട്ടുണ്ട്. അമേരിക്കയിലെ പല സംസ്ഥാനങ്ങളും നികുതി കുറച്ചതോടെ, ബിസിനസ്സ് നിക്ഷേപങ്ങൾക്കായി മത്സരം കടുപ്പമേറിയതായി.
ഉയർന്ന ചെലവുകൾ കാരണം പുതിയ ബിസിനസ്സുകളും സംരംഭകരും ആൽബർട്ടയെ കൈവിടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അടിയന്തരമായ സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ പ്രവിശ്യയ്ക്ക് ലഭിച്ചിരുന്ന നിക്ഷേപങ്ങളും തൊഴിലവസരങ്ങളും നഷ്ടപ്പെടുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നികുതി കുറയ്ക്കണമെന്ന് ഒരു വിഭാഗവും, സേവനങ്ങൾക്ക് പണം കണ്ടെത്താൻ നികുതി അനിവാര്യമാണെന്ന് മറ്റൊരു വിഭാഗവും വാദിക്കുന്നതോടെ വിഷയം രാഷ്ട്രീയമായി വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.