ഒക്ലഹോമ സ്‌കൂള്‍ വെടിവെപ്പില്‍ പ്രിന്‍സിപ്പാളിന് പരിക്ക്: പ്രതി മുന്‍ വിദ്യാര്‍ത്ഥി

By: 600002 On: Apr 8, 2026, 7:29 AM



പി പി ചെറിയാന്‍

ഒക്ലഹോമ: ഏപ്രില്‍ 7 ചൊവ്വാഴ്ച രാത്രി പോള്‍സ് വാലി ഹൈസ്‌കൂളിലുണ്ടായ വെടിവെപ്പില്‍ പ്രിന്‍സിപ്പാള്‍ കിര്‍ക്ക് മൂര്‍ ഉള്‍പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു. വെടിയുതിര്‍ത്തത് ഈ സ്‌കൂളിലെ തന്നെ മുന്‍ വിദ്യാര്‍ത്ഥിയായ 20 വയസ്സുകാരന്‍ വിക്ടര്‍ ഹോക്കിന്‍സാണ് എന്ന് പോലീസ് തിരിച്ചറിഞ്ഞു.

സ്‌കൂള്‍ കെട്ടിടത്തിനുള്ളില്‍ തോക്കുമായി എത്തിയ വിക്ടറിനെ പ്രിന്‍സിപ്പാളും മറ്റ് ജീവനക്കാരും ചേര്‍ന്ന് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റത്.

കാലിന് വെടിയേറ്റ പ്രിന്‍സിപ്പാളിനെ ഉടന്‍ തന്നെ വിമാനമാര്‍ഗ്ഗം ആശുപത്രിയിലെത്തിച്ചു. അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല. വെടിവെപ്പില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

പ്രതിയെ പോലീസ് പിടികൂടി ഗാര്‍വിന്‍ കൗണ്ടി ജയിലിലേക്ക് മാറ്റി. വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാന്‍ ധീരമായി പ്രവര്‍ത്തിച്ച പ്രിന്‍സിപ്പാളിനെ ഒക്ലഹോമ ഗവര്‍ണര്‍ അഭിനന്ദിച്ചു. മുന്‍കരുതല്‍ നടപടിയായി സ്‌കൂളിലെ ഇതര പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്.