അമേരിക്കയ്ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ച ഇറാനിയൻ ഭരണകൂടവുമായി ബന്ധമുള്ള രണ്ട് യുവതികളെ നാടുകടത്തി 

By: 600110 On: Apr 7, 2026, 10:44 AM

ഇറാനിലെ ഭരണകൂടവുമായി അടുത്ത ബന്ധമുള്ള രണ്ട് യുവതികളെ അമേരിക്കയിൽ നിന്ന് നാടുകടത്തി. ആഢംബര ജീവിതം നയിക്കുന്നതിനോടൊപ്പം അമേരിക്കയ്ക്കെതിരെയുള്ള ഭീകരാക്രമണങ്ങളെ പരസ്യമായി പ്രകീർത്തിച്ചു എന്ന ഗുരുതരമായ കുറ്റത്തിനാണ് അധികൃതർ ഇവർക്കെതിരെ നടപടിയെടുത്തത്.

47 വയസ്സുകാരിയായ ഹമീദ സുലൈമാനി അഫ്ഷറും മകൾ 25 വയസ്സുകാരിയായ സറീനാ സാദത്ത് ഹുസൈനിയുമാണ് നാടുകടത്തപ്പെട്ടവർ. 2020-ൽ കൊല്ലപ്പെട്ട പ്രമുഖ ഇറാനിയൻ കമാൻഡർ ജനറൽ ഖാസിം സുലൈമാനിയുടെ അടുത്ത ബന്ധുക്കളാണിവർ. ലോസ് ഏഞ്ചൽസിലെ അത്യാധുനിക സൗകര്യങ്ങളുള്ള വീട്ടിലായിരുന്നു ഇവരുടെ താമസം. തങ്ങളുടെ ആഡംബരപൂർണ്ണമായ ജീവിതശൈലിയുടെ ചിത്രങ്ങൾ ഇവർ നിരന്തരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു."ഇറാനിയൻ ഗോസിപ്പ് ഗേൾസ്" എന്നാണ് വിമർശകർ ഇവരെ വിശേഷിപ്പിക്കുന്നത്.

അമേരിക്ക ഭീകരസംഘടനയായി പ്രഖ്യാപിച്ച ഇറാൻ്റെ റെവല്യൂഷണറി ഗാർഡ് കോർപ്സിനെ ഹമീദ പരസ്യമായി പിന്തുണച്ചിരുന്നു. അമേരിക്കൻ സൈനികർക്ക് നേരെയുള്ള ആക്രമണങ്ങളെ ആഘോഷിക്കുകയും അമേരിക്കയെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു. കാലിഫോർണിയയിലെ തുജുംഗയിലുള്ള വീട്ടിൽ വെച്ചാണ് ഐ.സി.ഇ ഏജൻ്റുമാർ ഇവരെ അറസ്റ്റ് ചെയ്തത്. അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇവരുടെ ഗ്രീൻ കാർഡുകൾ റദ്ദാക്കി. 2019-ൽ അഭയാർത്ഥി പദവി ലഭിച്ച ഹമീദയ്ക്ക് 2021-ലാണ് ഗ്രീൻ കാർഡ് ലഭിച്ചത്. മകൾക്ക് 2023-ലും ഗ്രീൻ കാർഡ് ലഭിച്ചു. അമേരിക്കയിൽ താമസിക്കുമ്പോഴും ഇവർ പലതവണ ഇറാൻ സന്ദർശിച്ചിരുന്നു.  

ഇറാനിലെ സാധാരണ ജനങ്ങൾ കടുത്ത നിയന്ത്രണങ്ങളിലും ദാരിദ്ര്യത്തിലും കഴിയുമ്പോൾ, ഭരണകൂടവുമായി ബന്ധമുള്ളവർ വിദേശത്ത് ഇത്തരത്തിൽ ആഡംബര ജീവിതം നയിക്കുന്നത് വലിയ ജനരോഷത്തിന് കാരണമായിട്ടുണ്ട്. സ്വന്തം നാട്ടിൽ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൻ്റെ ആളുകൾ വിദേശത്ത് സ്വാതന്ത്ര്യം ആസ്വദിക്കുന്നതിലെ ഇരട്ടത്താപ്പാണ് ജനങ്ങളെ രോഷാകുലരാക്കുന്നത്.