പി. പി. ചെറിയാന്‍
ചെന്നൈ: തമിഴ് ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരം സുഭാഷിണിയെ (ശാശ്വി ബാല) ചെന്നൈയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രമുഖ തമിഴ് പരമ്പരയായ 'കയലി'ലൂടെ ശ്രദ്ധേയയായ താരത്തിന്റെ അപ്രതീക്ഷിത മരണം തമിഴ് സിനിമാ-സീരിയല്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മരണത്തിന് തൊട്ടുമുമ്പ് സുഭാഷിണി ഭര്‍ത്താവ് ബിബിന്‍ ചന്ദ്രയുമായി വീഡിയോ കോളില്‍ സംസാരിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സംഭാഷണത്തിനിടെ ഇരുവരും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തര്‍ക്കത്തിന് പിന്നാലെയാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് എന്നത് മരണത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
'കയല്‍' എന്ന ഹിറ്റ് പരമ്പരയിലെ പ്രതിനായിക വേഷത്തിലൂടെയാണ് സുഭാഷിണി ജനപ്രിയയായത്. 'എല്ലാം മേലെ ഇരിക്കിറവന്‍ പാത്തുപ്പാന്‍', 'വെബ്' തുടങ്ങിയ സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്.
'ശാശ്വി ബാല' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന താരം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിരുന്നു. തന്റെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെച്ചിരുന്ന താരത്തിന്റെ മരണം ആരാധകര്‍ക്കും വലിയ ആഘാതമായി.
ചെന്നൈ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണത്തില്‍ വ്യക്തത വരികയുള്ളൂ.
നടിയുടെ ഫോണ്‍ രേഖകളും വീഡിയോ കോള്‍ വിവരങ്ങളും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. ഭര്‍ത്താവുമായുണ്ടായ തര്‍ക്കമാണോ ആത്മഹത്യയിലേക്ക് നയിച്ചത് അതോ മറ്റ് കാരണങ്ങളുണ്ടോ എന്ന കാര്യത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും മൊഴി ഉടന്‍ രേഖപ്പെടുത്തും.
തമിഴ് ചലച്ചിത്ര-സീരിയല്‍ രംഗത്തെ പ്രമുഖരും സഹപ്രവര്‍ത്തകരും സുഭാഷിണിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. പ്രിയതാരത്തിന്റെ വിയോഗം വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് തമിഴ് ടെലിവിഷന്‍ ലോകം.