പി പി ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി സി: ഇറാന്‍ വെടിവെച്ചിട്ട യുഎസ് യുദ്ധവിമാനത്തിലെ രണ്ടാമത്തെ സൈനികന്‍ കാണാതായ വിവരം പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകരെ ജയിലിലടയ്ക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഈ മുന്നറിയിപ്പ് നല്‍കിയത്.
കാണാതായ സൈനികനെക്കുറിച്ചുള്ള അതീവ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. വിവരങ്ങളുടെ ഉറവിടം വെളിപ്പെടുത്തിയില്ലെങ്കില്‍ മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കി.
ഇറാന്‍ വെടിവെച്ചിട്ട എഫ്-15 വിമാനത്തിലെ പൈലറ്റിനെയും സഹപൈലറ്റിനെയും യുഎസ് സേന സാഹസികമായി രക്ഷപ്പെടുത്തി. ഇതില്‍ രണ്ടാമത്തെ സൈനികന്റെ രക്ഷാദൗത്യം അതീവ സങ്കീര്‍ണ്ണമായിരുന്നുവെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു.
ട്രംപിന്റെ പ്രസ്താവന മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് നൈറ്റ് ഫസ്റ്റ് അമെന്‍ഡ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നത് ജനാധിപത്യത്തിന് ഗുണകരമല്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കാന്‍ ഇറാന്‍ തയ്യാറായില്ലെങ്കില്‍ ചൊവ്വാഴ്ച രാത്രിയോടെ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. ഇറാന്റെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകര്‍ക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ഇറാനുമായുള്ള യുദ്ധം ആറാം വാരത്തിലേക്ക് കടക്കുമ്പോള്‍ കടുത്ത നിലപാടുകളുമായി മുന്നോട്ട് പോകാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം.