ഈസ്റ്റര്‍ സന്ദേശവുമായി ട്രംപ് ഭരണകൂടം; മതവും രാഷ്ട്രീയവും കലരുന്നതിനെച്ചൊല്ലി തര്‍ക്കം

By: 600002 On: Apr 6, 2026, 1:10 PM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി: ഈസ്റ്റര്‍ ദിനത്തില്‍ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തെ വാഴ്ത്തിക്കൊണ്ട് ട്രംപ് ഭരണകൂടത്തിലെ വിവിധ വകുപ്പുകള്‍ ഔദ്യോഗിക സന്ദേശങ്ങള്‍ പുറപ്പെടുവിച്ചു. മുന്‍ പ്രസിഡന്റുമാരില്‍ നിന്ന് വ്യത്യസ്തമായി, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്, ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റ് തുടങ്ങിയ പ്രധാന ഏജന്‍സികള്‍ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പരസ്യമായി ക്രിസ്തീയ വിശ്വാസങ്ങള്‍ പങ്കുവെച്ചതാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.

'അവന്‍ ഉയിര്‍ത്തെഴുന്നേറ്റു' എന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും കുറിച്ചു. വിശ്വാസത്തെയും ധീരതയെയും കുറിച്ച് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും സന്ദേശം നല്‍കി.

ഗവണ്‍മെന്റ് ഏജന്‍സികള്‍ ഒരു പ്രത്യേക മതത്തിന്റെ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുന്നത് ഭരണഘടനാപരമായ 'മതവും ഭരണകൂടവും തമ്മിലുള്ള വേര്‍തിരിവിനെ' ലംഘിക്കുന്നതാണെന്ന് വിമര്‍ശകര്‍ വാദിക്കുന്നു.

പെന്റഗണില്‍ നടന്ന ക്രിസ്തീയ ആരാധനയ്ക്കിടെ, ശത്രുക്കള്‍ക്കെതിരെ 'കരുണയില്ലാത്ത ആക്രമണം' നടത്താന്‍ പ്രതിരോധ സെക്രട്ടറി ഹെഗ്സെത്ത് നടത്തിയ പ്രാര്‍ത്ഥനയും വിവാദമായിട്ടുണ്ട്.

ഗുഡ് ഫ്രൈഡേയില്‍ സമാധാനപരമായ സന്ദേശം നല്‍കിയ ട്രംപ്, ഈസ്റ്റര്‍ ദിനത്തില്‍ ഇറാനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഇറാന്‍ ഹോര്‍മുസ് കടടുടുക്ക് തുറന്നില്ലെങ്കില്‍ 'നിങ്ങള്‍ നരകത്തില്‍ ജീവിക്കേണ്ടി വരും' എന്ന് ഭീഷണിപ്പെടുത്തിയ അദ്ദേഹം, സന്ദേശത്തിനൊടുവില്‍ ഇസ്ലാം മത വിശ്വാസികള്‍ ഉപയോഗിക്കുന്ന 'അല്‍ഹംദുലില്ലാഹ്' എന്ന് ചേര്‍ത്തത് പരിഹാസമാണെന്ന് മുസ്ലിം സംഘടനകള്‍ ആരോപിച്ചു.

അമേരിക്കയില്‍ മതം പൊതുജീവിതത്തിന്റെ ഭാഗമാണെങ്കിലും, ഭരണകൂടം ഒരു പ്രത്യേക മതത്തിന് നല്‍കുന്ന അമിത പ്രാധാന്യം രാജ്യത്ത് വലിയ രാഷ്ട്രീയ-സാമൂഹിക സംവാദങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.