ഈസ്റ്റര്‍: തുറക്കപ്പെട്ട കല്ലറയും തടവിലാക്കപ്പെട്ട ഹൃദയങ്ങളും

By: 600002 On: Apr 6, 2026, 12:09 PM



 

ബാബു പി. സൈമണ്‍, ഡാളസ്

ഈസ്റ്റര്‍ പുലരിയുടെ ദിവ്യപ്രഭയില്‍ ദേവാലയം ഉണര്‍ന്നുനില്‍ക്കുകയായിരുന്നു. വൈദികന്റെ ഭക്തിസാന്ദ്രമായ ആലാപനവും, ''യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു'' എന്ന മഹത്തായ പ്രഖ്യാപനവും, പ്രത്യാശ പകരുന്ന വചനശുശ്രൂഷയും വിശ്വാസികളില്‍ ആനന്ദത്തിന്റെ തിരമാലകള്‍ സൃഷ്ടിച്ചു. ഉയിര്‍പ്പിന്റെ മഹാസത്യത്തെ ആഘോഷമാക്കാന്‍ എല്ലാവരും സ്‌നേഹവിരുന്നിനായി ഒരുമിച്ചുചേര്‍ന്നു.

എങ്കിലും, ആ മഹാസന്തോഷത്തിനിടയിലും ചില മുഖങ്ങള്‍ ശ്രദ്ധ പിടിച്ചുപറ്റി. ചിരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും, അവരുടെ കണ്ണുകളില്‍ വേദനയും കണ്ണുനീരിന്റെ നനവും, ചതിക്കപ്പെട്ടതിന്റെ വിങ്ങലും മറഞ്ഞുകിടക്കുകയായിരുന്നു. ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങള്‍ക്കിടയിലും അവരുടെ നിശബ്ദമായ ഒറ്റപ്പെടല്‍ മായാതെ നിന്നു.

തിരികെ വീട്ടിലേക്കുള്ള യാത്രയില്‍ ആ മുഖങ്ങള്‍ ചില ചോദ്യങ്ങള്‍ ഉയര്‍ത്തി മനസ്സിലേക്ക് കടന്നുവന്നു. ഉയിര്‍പ്പിന്റെ സന്ദേശം നാം കേള്‍ക്കുന്നുണ്ടെങ്കിലും അതിന്റെ യഥാര്‍ത്ഥ മനോഹാരിത ഉള്‍ക്കൊള്ളാന്‍ നമുക്ക് സാധിക്കുന്നുണ്ടോ? അതോ ആഘോഷങ്ങള്‍ വെറും ചടങ്ങുകളായി മാറുന്നുണ്ടോ?

ഉയിര്‍ത്തെഴുന്നേല്‍പ്പ് ഒരു ആത്മീയ സങ്കല്പം മാത്രമല്ല, അത് ഭൗതികമായ കെട്ടുപാടുകളെ തകര്‍ക്കുന്ന ദൈവത്തിന്റെ അതിശക്തമായ ഇടപെടല്‍ കൂടിയാണ്. എസെക്കിയേല്‍ പ്രവാചകന്‍ പറയുന്നു: 'എന്റെ ജനമേ, ഞാന്‍ നിങ്ങളുടെ ശവക്കല്ലറകളെ തുറന്നു നിങ്ങളെ ശവക്കല്ലറകളില്‍നിന്നു കയറ്റും' (37:12). ഇവിടെ കല്ലറകള്‍ എന്നത് കേവലം മരിച്ചവരെ അടക്കുന്ന ഇടമല്ല; അത് നമ്മുടെ അഹന്തയും ജഡിക സ്വഭാവങ്ങളും പാപത്തിന്റെ അടിമത്തവും ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഒരു 'ആത്മീയ തടവറ' കൂടിയാണ്. ഈ കല്ലറകള്‍ തുറക്കപ്പെടാതെയും അതിനുള്ളിലെ പഴയ മനുഷ്യന്‍ പുറത്തുവരാതെയും നമുക്ക് ക്രിസ്തുവില്‍ പുതുജീവനുള്ളവരായി ജീവിക്കാന്‍ കഴിയില്ല.

മനുഷ്യന്റെ ആത്മീയ വളര്‍ച്ചയ്ക്ക് ഏറ്റവും വലിയ തടസ്സം അധികാരത്തോടുള്ള ആര്‍ത്തിയും അഹങ്കാരവുമാണ്. 'നാശത്തിനു മുമ്പെ അഹങ്കാരവും വീഴ്ചക്കു മുമ്പെ മനസ്സുയര്‍ച്ചയും വരുന്നു' (സദൃശവാക്യങ്ങള്‍ 16:18) എന്ന് ബൈബിള്‍ ഓര്‍മ്മിപ്പിക്കുന്നു. സ്വന്തം അഹന്തയുടെ കല്ലറയ്ക്കുള്ളില്‍ വസിക്കുന്ന ഒരാള്‍ക്ക് ദൈവത്തിന്റെ ശബ്ദം കേള്‍ക്കാനാവില്ല.

ലാസര്‍ കല്ലറയില്‍ നിന്ന് പുറത്തുവരുമ്പോള്‍ അവന്‍ ശവക്കച്ചകളാല്‍ കെട്ടപ്പെട്ടവനായിരുന്നു. യേശു പറഞ്ഞു: 'അവനെ അഴിച്ചു വിടുവിന്‍'. നമ്മുടെ ജീവിതത്തിലെ കോപം, അസൂയ, സ്വാര്‍ത്ഥത എന്നിവ നമ്മെ വരിഞ്ഞുമുറുക്കിയിരിക്കുന്ന ശവക്കച്ചകളാണ്. പൗലോസ് അപ്പോസ്തലന്‍ റോമര്‍ 8:6-ല്‍ വ്യക്തമാക്കുന്നു: 'ജഡത്തിന്റെ ചിന്ത മരണം; ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവും തന്നെ'.

ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെടുമ്പോള്‍ മാത്രമേ നമുക്ക് അവനോടുകൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിയൂ. നമ്മുടെ പഴയ പാപസ്വഭാവങ്ങള്‍ ക്രൂശിക്കപ്പെടണം. ഗലാത്യര്‍ 2:20-ല്‍ പറയുന്നതുപോലെ, 'ഇനി ജീവിക്കുന്നത് ഞാനല്ല, ക്രിസ്തുവത്രേ എന്നില്‍ ജീവിക്കുന്നു' എന്ന നിലയിലേക്ക് നാം മാറണം.

ഉയിര്‍പ്പിന്റെ യഥാര്‍ത്ഥ ശക്തി എന്നത് കേവലം മരിച്ചുപോയവര്‍ ജീവനിലേക്ക് പ്രവേശിക്കുന്നു എന്നത് മാത്രമല്ല, പിന്നെയോ ജീവിച്ചിരിക്കുന്നവര്‍ തങ്ങളുടെ ജഡിക സ്വഭാവങ്ങളില്‍ നിന്നും അഹന്തയില്‍ നിന്നും മോചിതരായി ആത്മാവില്‍ ജീവിക്കുന്നതും കൂടിയാണ്. നമ്മുടെ ഉള്ളിലെ അഹന്തയുടെയും സ്വാര്‍ത്ഥതയുടെയും കല്ലറകള്‍ ഇന്നും തുറക്കപ്പെടാതെ കിടക്കുന്നുണ്ടോ എന്ന് നാം പരിശോധിക്കണം. അവ തകര്‍ക്കപ്പെടട്ടെ! ക്രിസ്തുവിന്റെ പ്രകാശം നമ്മുടെ ഉള്ളിലെ ഇരുളടഞ്ഞ കോണുകളിലേക്ക് കടന്നുവരട്ടെ. എങ്കില്‍ മാത്രമേ നാം യഥാര്‍ത്ഥത്തില്‍ ഉയിര്‍ത്തെഴുന്നേറ്റ 'പ്രകാശത്തിന്റെ മക്കളായി' ഈ ലോകത്തില്‍ ശോഭിക്കുകയുള്ളൂ.